നാലുവട്ടം സിവില്‍ സര്‍വീസില്‍ തോറ്റു; ഒടുവില്‍ ഐപിഎസ്സായി: ത്രസിപ്പിക്കും കഥ

ക്ലാസിൽ പിന്നിലെ ബ‍ഞ്ചിലെ ഉഴപ്പൻമാരുടെ കൂട്ടത്തിൽ എല്ലാവരും കണ്ടിരുന്ന വിദ്യാർഥി. കഷ്ടപ്പെട്ട് നേടിയ എൻജിനിയറിങ് ജോലി ഉപേക്ഷിച്ച മണ്ടൻ. അങ്ങനെ നിർവചനങ്ങൾ പലകാലത്തും പലതായിരുന്നു. പക്ഷേ ഇന്ന് അയാളുടെ പേരിന്റെ കൂടെ ചേർത്ത മൂന്നക്ഷരം മുൻപ് ചാർത്തിക്കിട്ടിയ പട്ടങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. കർണാടകത്തിൽ നിന്നുള്ള ഐപിഎസ് ഉദ്യോ​ഗസ്ഥനായ ജി.കെ.മിഥുൻ കുമാറിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണ്.  

സിവിൽ സർവ്വീസ് 2016 ബാച്ചാണ് മിഥുൻ. പഠിച്ചു കൊണ്ടിരുന്ന സമയത്ത് സിവിൽ സർവ്വീസിനെക്കുറിച്ച് അയാൾ ചിന്തിച്ചിട്ടുപോലുമില്ല. ബിരു​ദത്തിന് ശേഷം സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്യാനാരംഭിച്ചു. എന്നാൽ ആ ജോലിയിൽ മിഥുൻ സംതൃപ്തനായിരുന്നില്ല.  അങ്ങനെ സോഫ്റ്റ് വെയർ മേഖലയിൽ മൂന്ന് വർഷം ജോലി ചെയ്തതിന് ശേഷം ആ ജോലി രാജിവച്ചു. നല്ല ജോലി കളഞ്ഞെത്തിയ മിഥുനെ പലരും പരിഹസിച്ചു. അപ്പോഴാണ് ജീവിതത്തിൽ വലിയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര അയാൾ തുടങ്ങുന്നത്.

മിഥുനെ ഒരു പൊലീസുകാരനാക്കണമെന്ന് അച്ഛൻ മുൻപ് എങ്ങോ പറഞ്ഞ വാക്കുകൾ അവന്റെ മനസിൽ ഒരു ലക്ഷ്യമുണ്ടാക്കി. പൊലീസുകാരനിൽ നിന്നും പതിയ ആ മോഹം ഐപിഎസ് ഉദ്യോ​ഗസ്ഥൻ എന്നതിേലക്ക് വളർന്നു. പരീക്ഷ പാസ്സായിക്കഴിഞ്ഞപ്പോൾ എല്ലാവരും എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് ഐഎഎസ് തിര‍ഞ്ഞെടുക്കാതിരുന്നതെന്ന്.  

പൊലീസിന്റെ യൂണിഫോം നൽകുന്ന ആത്മവിശ്വാസമാണ് അതിന് പിന്നിൽ. യൂണിഫോം ധരിച്ച എന്നെത്തന്നെയാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്. ആ സ്വപ്നം എന്നെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് വിശദീകരിക്കാൻ സാധിക്കുമായിരുന്നില്ല. മിഥുൻ പറയുന്നു.  നാലു തവണ പരീക്ഷ എഴുതി പരാജയപ്പെട്ടതിന് ശേഷമാണ് അഞ്ചാം തവണ നൂറ്റിമുപ്പതാം റാങ്കോടെ മിഥുൻ യുപിഎസ് സി പാസായത്.