ഒരു കുഞ്ഞു റോസാമുള്ള് തകര്‍ത്ത ജീവിതം; കുത്തിനോവിക്കും ഈ അനുഭവം

പൂന്തോട്ട പരിപാലനത്തിനിടയിൽ റോസാമുള്ള് ശരീരത്തിൽ കയറുക സ്വാഭാവികമാണ്. കുറച്ച് നേരത്തെ വേദനയ്ക്ക് ശേഷം നാം അത് മറക്കും. എന്നാൽ ഒരു കുഞ്ഞ് റോസാമുള്ള് 43 കാരി ജൂലിയുടെ ജീവിതം തകർത്ത കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. പൂന്തോട്ടത്തില്‍ വച്ചാണ് ജൂലിയുടെ ഇടുപ്പില്‍ ഒരു റോസാച്ചെടിയില്‍ നിന്നു മുള്ളുകൊണ്ട് ചെറിയൊരു മുറിവുണ്ടായത്. ജൂലി അത് ഒട്ടും സാരമാക്കിയില്ല.

എന്നാൽ ഒരാഴ്ചയ്ക്കു ശേഷം അവസ്ഥ മുള്ളുകയറിയതിനു താഴോട്ടുള്ള ഭാഗം പഴുത്തു. ശാരീരികാവസ്ഥ മോശമായി. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജൂലിയുടെ ബോധം പോയിരുന്നു. കോമ അവസ്ഥയിൽ അടിയന്തരശസ്ത്രക്രിയ നടത്തി. കൂടുതല്‍ പരിശോധനകളിലാണ് മാംസം കാര്‍ന്നു തിന്നുന്ന ഒരുതരം ബാക്ടീരിയ മൂലമുണ്ടാകുന്ന necrotising fasciitis (NF) ആണ് ജൂലിയെ ബാധിച്ചതെന്നു കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. 

ഏഴു ശസ്ത്രക്രിയകളാണ് ജൂലിയുടെ ശരീരത്തില്‍നിന്നു മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ നടത്തേണ്ടി വന്നത്.  ഡോക്ടർമാർ ഭർത്താവ് ഹെര്‍ബെര്‍ട്ട് റോസന്‍ഫീല്‍ഡിനോട് പറഞ്ഞത്, ഇത്തരം ബാക്ടീരിയകള്‍ ശരീരത്തിലെത്തിയാല്‍ മരിക്കാനുള്ള സാധ്യത 97 ശതമാനം ആണെന്നാണ്. ജൂലി ജീവിതത്തിലേക്കു മടങ്ങി വന്നെങ്കിലും അവരുടെ ഇടുപ്പും രണ്ടു കാലുകളും ഒരു പൃഷ്ഠഭാഗവും പൂര്‍ണമായും നീക്കം ചെയ്യേണ്ടി വന്നു.

ഇത്രയും ഗുരുതരമായ അവസ്ഥയില്‍നിന്ന് ആരും തിരികെ വന്നതായി ഡോക്ടര്‍മാര്‍ക്കു പോലും ഓര്‍മയില്ല. അതിനാല്‍ ജൂലി അതീവഭാഗ്യവതി ആണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. ഉയർന്ന അളവിൽ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചാണ് ഇപ്പോള്‍ ജൂലി കഴിയുന്നത്‌. എങ്കിലും തന്റെ ജീവന്‍ തിരികെ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് അവര്‍. ജീവിതം സാധാരണ നിലയിലെത്താൻ ഇനിയും ഒരുപാട് ശസ്ത്രക്രിയകൾ ജൂലിയെ കാത്തിരിക്കുന്നുണ്ട്.