സ്കൂട്ടർ എഞ്ചിനും ഓട്ടോ ടയറും ചേർത്തു; ഇത് ജൂഡിന്റെ വണ്ടി; കയ്യടി

സ്വന്തമായി വാഹനം നിർമ്മിച്ച് അതിൽ കറങ്ങുകയാണ് വയനാട് വൈത്തിരിയിലെ ഒരു പതിനാറു വയസുകാരൻ. പഴയ സ്‌കൂട്ടറിന്റെ എൻജിനും ഓട്ടോറിക്ഷയുടെ ടയറും ഉപയോഗിച്ചാണ് ജൂഡ് തദേവൂസ് എന്ന മിടുക്കൻ കുഞ്ഞു വാഹനം തയാറാക്കിയത്. 

കൂട്ടുകാരൊക്കെ കാറിലും ബൈക്കിലും വിലസുന്നു. ആ സമയങ്ങളിൽ ഒരു വാഹനം നിർമ്മിക്കുന്നതിക്കുറിച്ചായിരുന്നു ജൂഡിന്റെ ആലോചന. 

ഇതാണ് ജൂഡിന്റെ സ്വന്തം എന്ന് പറയാവുന്ന വാഹനം. പഴയൊരു സ്‌കൂട്ടറിന്റെ എൻജിനും ഓട്ടോറിക്ഷയുടെ ടയറും ഉപയോഗിച്ചാണ് ഈ വണ്ടി. പിന്നെ സ്‌ക്വയർ പൈപ്പുകളും കോൺക്രീറ്റ് കമ്പിയും ഫ്ലെക്സുമൊക്കെ വെച്ച് റൂഫും തയാറാക്കി. ഈ വാഹനത്തിലാണ് ജൂഡിന്റെ ഇപ്പോഴത്തെ യാത്രകൾ. 

തറ വൃത്തിയാക്കാനുള്ള യന്ത്രവും ജൂഡ് നേരത്തെ നിർമ്മിച്ചിരുന്നു. പത്താം ക്‌ളാസ് കഴിഞ്ഞു കൽപ്പറ്റയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഓട്ടോ മൊബൈൽ കോഴ്സ് പഠിക്കുകയാണ് വൈത്തിരി അമ്പലാക്കുന്ന് സ്വദേശിയായ  ജൂഡ്.