ആ അമ്മ നൽകിയ ചെക്ക് മന്ത്രി കലക്ടർ മകൾക്ക് കൈമാറി; ഊഷ്മളം

ആ അമ്മയും സുഹൃത്തുക്കളും ചേർന്ന് ആറുലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്കു കൈമാറ‍ുമ്പോൾ സാക്ഷിയായി മകൾ അരികിലുണ്ടായിരുന്നു. ചെക്ക് ഏറ്റുവാങ്ങിയ മന്ത്രി, അമ്മയുടെ മുന്നിൽവച്ചു തന്നെ മകൾക്കു കൈമാറി. കലക്ടറുടെ ഔദ്യോഗിക കയ്യൊപ്പു പതിപ്പിച്ചുകൊണ്ടു മകൾ പുഞ്ചിരിയോടെ ചെക്ക് സ്വീകരിച്ചു.

കലക്ടർ ടി.വി.അനുപമയും അമ്മ ടി.വി.രമണിയുമാണ് ആ അമ്മയും മകളും. ഗുരുവായൂർ ദേവസ്വം ബോർഡിൽ അസി. എക്സിക്യൂട്ടീവ് എൻജിനീയറാണ് രമണി. 1981ൽ മഹാരാജ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ എൻജിനീയറിങ് ബാച്ചിൽ പഠിച്ച രമണിയും സഹപാഠികളും ചേർന്നു സമാഹരിച്ച ആറുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്. 

സഹപാഠികളായ അബ്ദുൽ ലത്തീഫ്, വിൽസൺ പൗലോസ്, ഡയസ്, സതീശൻ, പുഷ്പരാജ്, സുലൈമാൻ, ഫ്രാൻസിസ്, പത്മരാജൻ എന്നിവർക്കൊപ്പമാണ് രമണി കലക്ടറേറ്റിലെത്തിയത്. മന്ത്രിമാരായ വി.എസ്.സുനിൽ കുമാറും സി.രവീന്ദ്രനാഥും ചേർന്നു ചെക്ക് ഏറ്റുവാങ്ങി. മൗനസാന്നിധ്യമായി കലക്ടർ അരികിലും. ചെക്ക് സ്വീകരിച്ച ശേഷം തുടർ നടപടികൾക്കായി മന്ത്രി വി.എസ്.സുനിൽകുമാർ കലക്ടർക്കു കൈമാറി.