ചെറുതോണി തുറന്നപ്പോൾ സംഭവിച്ചത്; ഒടുവിൽ ആ വീട് വൃത്തിയാക്കി

ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുണ്ടായ ജലപ്രവാഹത്തിൽ കരിമ്പൻ ചപ്പാത്തിനു സമീപത്തെ വീടിനുള്ളിൽ നിറഞ്ഞ മണലും ചെളിയും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്നു മൂന്നു ദിവസത്തെ അധ്വാനത്തിനൊടുവിൽ നീക്കം ചെയ്തു.

സമീപത്തുകൂടി ഒഴുകുന്ന ചെറിയ തോട്ടിലെ വെള്ളം ദിശമാറ്റി വീടിനകത്തു കൂടി ഒഴുക്കിയാണു മണലും ചെളിയും നീക്കിയത്.  കരിമ്പൻ കല്ലുറുമ്പിൽ ഷിജുവിന്റെ വീടിനുള്ളിൽ ലോഡ് കണക്കിനു മണ്ണും മണലും അടിഞ്ഞു കൂടിയത് ചിത്രം സഹിതം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.  

സമീപത്തെ പാറക്കൽ ടോമി, തടിക്കൽ ജോർജ് എന്നിവരുടെ വീടുകളിലും സമാനമായ രീതിയിൽ മണ്ണു മൂടിയിരുന്നു. ചിറകെട്ടി വഴിതിരിച്ചുവിട്ട വെള്ളം വീടിന്റെ ഭിത്തികളിൽ ദ്വാരമുണ്ടാക്കിയാണ് അകത്തെത്തിച്ചത്. മുറികളുടെ ഭിത്തികളിലും ദ്വാരമുണ്ടാക്കി വെള്ളം ഉള്ളിലൂടെ ഒഴുക്കി പുറത്തേക്കു വിടുകയാണു ചെയ്തത്. അണക്കെട്ട് തുറന്നതിനു പുറമേ, മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ കുതിച്ചെത്തിയ മണ്ണും മണലുമെല്ലാമാണു വീടുകളിലേക്ക് അടിച്ചുകയറിയത്.