‘ഇനിയെന്നെ ബാപ്പ നോക്കും..’; ആശുപത്രിക്കിടക്കയില്‍ ചിരി തിരിച്ചെത്തി ഹനാന്‍റെ മുഖം

ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാൻ ചിരിച്ചു. ഒന്നരവർഷം നീണ്ട ഹനാന്റെ കാത്തിരിപ്പിന് കൊച്ചിയിലെ സ്വകാര്യാശുപത്രി വേദിയായി. കാറപകടത്തിൽ പരുക്കേറ്റ ഹനാനെകാണാൻ ബാപ്പ ഹമീദും അനിയനും എത്തി. ഹനാൻ വാർത്തകളിൽ നിറഞ്ഞുനിന്നപ്പോൾ പോലും മകളെ കാണാൻ ഹമീദ് എത്തിയിരുന്നില്ല. ഇതിനെക്കുറിച്ച് നിറകണ്ണുകളോടെയാണ് അന്ന് ഹനാൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ആ സങ്കടത്തിന്ന് ബാപ്പയും മകളും തമ്മിലുള്ള കൂടിക്കാഴ്ചയോടെ സമാപ്തിയായിരിക്കുകയാണ്. 

‘എന്റെ അവസ്ഥ അറിഞ്ഞ ബാപ്പ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അനിയനും വന്നു. ഇപ്പോൾ ഒപ്പം നിൽക്കുന്നത് ബാപ്പയാണ്. എന്നെ ഇനി തനിച്ചാക്കില്ലെന്നാണ് ബാപ്പ പറയുന്നത്. ആശുപത്രി വിട്ടശേഷവും ചേർത്തുപിടിക്കാൻ ബാപ്പയുണ്ടാകുമെന്നാണ് വാക്ക് പറഞ്ഞത്...’ ഹനാന്‍ പറഞ്ഞു. 

ചികൽസ നല്ല രീതിയിൽ പോകുന്നുണ്ട്. കാലുകളുടെ തളർച്ച മാറി. നട്ടെല്ലിന്റെ മുറിവ് ഉണങ്ങുന്നതുവരെ നടക്കാനും ഇരിക്കാനും സാധിക്കില്ല. മുറിവ് ഉണങ്ങിക്കഴിഞ്ഞാൽ വീണ്ടും പഴയതുപോലെ തന്നെയാകുമെന്നാണ് പ്രതീക്ഷ. ഹനാന്‍ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലാണ് ഹനാനിപ്പോൾ. 

ഹനാനെ കാണാൻ വാപ്പയും അനിയനും എത്തിയ വിവരം ഡോക്ടർ വിശ്വനാഥാണ് ആദ്യം മാധ്യമങ്ങളെ അറിയിച്ചത്. ഹനാൻ അപകടം പറ്റുന്നതിന് മുമ്പ് തന്നെ ഹമീദ് കോതമംഗലത്തുള്ള വിശ്വനാഥന്റെ ആശുപത്രിയിൽ എത്തിയിരുന്നു. ബാപ്പയോടൊപ്പം കൊച്ചിയിൽ താമസിക്കാനാഗ്രഹമുണ്ടെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ചാണ് ഹനാൻ കോതമംഗലത്തുനിന്നും ഇറങ്ങിയത്. ആഗസ്ത് 31നായിരുന്നു അത്. അതിനുശേഷം സെപ്തംബർ രണ്ടാംതീയതിയായിരുന്നു അപകടം. 

ഹനാന്റെ രക്ഷകർത്താവിന്റെ സ്ഥാനത്ത് നിന്നും എല്ലാം ചെയ്യുന്നത് കോതമംഗലത്തുള്ള ഡോക്ടറും കുടുംബവുമാണ്. ബാപ്പ എത്തിയതോടെ താൻ ഇനി അനാഥയായിരിക്കില്ലെന്നുള്ള പ്രത്യാശ ഹനാനും മാധ്യമങ്ങളോട് പങ്കുവച്ചു.