ഈ മിണ്ടാപ്രാണികള്‍ക്കായി, കര്‍ഷകര്‍ക്കായി ഒരിറ്റ് കണ്ണീര്‍: മൃഗഡോക്ടറുടെ കുറിപ്പ്

പേമാരിക്കുമുന്നിൽ പകച്ചു നിൽക്കുകയാണ് മലയാളനാട്. കുറേപ്പേർക്ക് ഉറ്റവരേയും ഉടയവരേയും നഷ്ടമായി. മറ്റു ചിലർക്കാകട്ടെ വീടും സ്വത്തും സമ്പാദ്യവുെമല്ലാം നഷ്ടമായി. പക്ഷേ വേദനകളുടെ ഫ്രെയിമുകളിൽ ഇടംപിടിക്കാത്ത ചിലതുണ്ട്. നൂറുകണക്കിന് കർഷകരുടെ ഉപജീവന മാർഗമായ ചില മിണ്ടാപ്രാണികൾ. അവരുടെ ചേതനയറ്റ ശരീരങ്ങളെയോർത്ത് കണ്ണീർവാർക്കുന്നവർ ഒരു പക്ഷേ നമുക്ക് അന്യമായിരിക്കാം. ആ മിണ്ടാ പ്രാണികള്‍ അനുഭവിച്ച ജീവനെടുക്കുന്ന വേദന ആരറിയാൻ?

ഉപജീവനമാർഗമായ മിണ്ടാപ്രാണികൾ ചത്തുമലച്ചു കിടക്കുന്നത് കാണുമ്പോഴുള്ള ഉള്ളുലയ്ക്കുന്ന വേദന സമൂഹ മാധ്യമത്തിനു മുന്നിൽ പങ്കുവയ്ക്കുകയാണ് സതീഷ് കുമാർ എന്ന മൃഗഡോക്ടർ. ഒരു കണക്കു പുസ്തകങ്ങളിലും ഇടം പിടിക്കാത്ത അസംഖ്യം മിണ്ടാപ്രാണികള്‍ അനുഭവിച്ച വേദനയെക്കുറിച്ചാണ് സതീഷിന്റെ തുറന്നെഴുത്ത്.



സതീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: 


പെരുമഴയിലും വെള്ളപ്പാച്ചിലിലും അപകടമൊന്നുമില്ലല്ലോ എന്ന് അന്വേഷിച്ച സൗഹൃദങ്ങൾക്ക്‌ നന്ദി. ഞാൻ സുരക്ഷിതനാണ്‌ പക്ഷേ ദു:ഖിതനും.


എന്റെ തൊഴിൽ മേഖലയിലെ നൂറു കണക്കിന്‌ കർഷകരാണ്‌ ഒരൊറ്റ രാത്രികൊണ്ട്‌ സകല ജീവനോപാധികളും നഷ്ടപ്പെട്ട്‌ അശരണരായത്‌.
മനുഷ്യൻ അവന്റെ ജീവനേയും നിലനിൽപ്പിനേയും പ്രതി വലിയ ആശങ്കയിൽ നിൽക്കുന്ന ഒരു ദുരന്തമുഖത്ത്‌ നിന്നുകൊണ്ട്‌ മരിച്ചു പോയ മൃഗങ്ങളെപ്രതി വേദനിക്കുന്നതിൽ അർത്ഥമുണ്ടോ എന്ന് എനിക്കറിഞ്ഞുകൂട.


എങ്കിലും ഒരു മൃഗഡോക്ടർ എന്ന നിലയിൽ ഞാൻ വേദനിക്കുന്നു ജീവൻ നഷ്ടമായ അനവധി മൃഗ ജീവനുകളെ പ്രതിയും ഏക വരുമാനം നിലച്ചുപോയ അവയുടെ യജമാനന്മാരെപ്രതിയും പാമ്പുകൾ പഴുതാരകൾ തുടങ്ങി രേഖപ്പെടുത്താതെ പോയ അസംഖ്യം മനുഷ്യേതര ജീവനുകളെപ്പറ്റിയും.