‘ഹാദിയ വരുമ്പോള്‍ സന്തോഷം; ഷഹാന പോകുമ്പോള്‍ അസഭ്യം’; ഇരട്ടത്താപ്പ്: കുറിപ്പ്

പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് നവദമ്പതികൾക്ക് എസ്.ഡി.പി.ഐ പ്രവർത്തകരുടെ ഭീഷണിയുണ്ടന്ന പരാതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഹാദിയയുടെ കാര്യത്തിൽ സ്വീകരിച്ച മനുഷ്യാവകാശം എന്തു കൊണ്ട് ഷഹാനയുടെ കാര്യത്തിൽ കാണിക്കുന്നില്ലെന്നാണ് ചോദ്യം. എസ്.ഡി.പി.ഐ പ്രവർത്തകരുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് യുവഡോക്ടറും എഴുത്തുകാരിയുമായ ഷിംന അസീസിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. 

ഹാദിയ വരുമ്പോൾ സന്തോഷവും ഷഹാന പോകുമ്പോൾ ദു:ഖവും അസഭ്യവർഷവുമാണെങ്കിൽ, അതിന്റെ പേരാണ്‌ ഇരട്ടത്താപ്പ്‌. വിശ്വാസവും വിശ്വാസികളുടെ അംഗസംഖ്യ കണക്കും വെച്ചല്ല മനുഷ്യബന്ധങ്ങളെ അളന്നെടുക്കേണ്ടതെന്നും ഷിംന ഫെയ്സ്ബുക്കിൽ കുറിച്ചു. ഇങ്ങോട്ടായാലും അങ്ങോട്ടായാലും അതവരുടെ കുടുംബകാര്യമാണ്‌. പ്രായപൂർത്തിയായ നവദമ്പതികളുടെയും അവരുടെ മാതാപിതാക്കളുടെയും നെഞ്ചിലെ നോവും വേവും നാട്ടുകാരും മതവിശ്വാസികളും പങ്കിട്ടെടുക്കേണ്ട ആവശ്യമില്ല. അതൊരു അന്താരാഷ്ട്ര പ്രശ്‌നവുമല്ലെന്നും ഷിംന കുറിച്ചു. 

അഭിമന്യുവും, പ്രായം പോലും പരിഗണിക്കപ്പെടാതെ നിലത്ത്‌ വലിച്ചിഴക്കപ്പെടുന്ന വൃദ്ധനായ സ്വാമിയും, മിശ്രവിവാഹിതരെ അവഹേളിക്കലും, അമ്മയെ തല്ലിക്കൊന്നാൽ പോലും ഉളുപ്പില്ലാതെ വിശദീകരിക്കുന്ന ന്യായീകരണത്തൊഴിലാളികളും..വെള്ളത്തിൽ എണ്ണ തെളിയുന്നത്‌ പോലെ വേണ്ടിടത്തും വേണ്ടാത്തിടത്തും മതം മനുഷ്യന്‌ മീതേ കിടക്കുകയാണ്‌... അറപ്പുളവാക്കുന്ന വഴുവഴുപ്പോടെ... അന്യമതസ്‌ഥരെ അവരുടെ വിശ്വാസത്തെ ബഹുമാനിച്ച്, അവനവനെപ്പോലെ മനുഷ്യരായി കണ്ട് നെഞ്ചോട്‌ ചേർക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികളും ഇതിനിടയിൽ കിടന്ന്‌ ശ്വാസം മുട്ടുകയുമാണ്‌..പുണ്ണ്‌ കാൻസറായി മാറുന്നുണ്ട്‌... ഭയമാകുന്നുണ്ട്‌. ഷിംന കുറിച്ചു. 

എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വധഭീഷണിയെ തുടർന്ന് മിശ്രവിവാഹിതരായ നവദമ്പതികളാണ് ജീവന് സംരക്ഷണം വേണമെന്ന് ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. യുവദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കോടതി അനുമതി നൽകി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ട ആറ്റിങ്ങല്‍ സ്വദേശി ഹാരിസണിന്റെയും കണ്ണൂര്‍ വളപട്ടണം സ്വദേശി ഷഹാനയുടെയും വിവാഹമാണ് കോടതി അംഗീകരിച്ചത്. ഷഹാനയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ  കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഹാരിസണിനെ വിവാഹം കഴിച്ചെന്നും ഒരുമിച്ച് താമസിക്കാനാണ് ആഗ്രഹമെന്നും ഷഹാന കോടതിയെ അറിയിച്ചു. ഇതോടെ വിവാഹം റജിസ്റ്റര്‍ ചെയ്ത രേഖകള്‍ പരിശോധിച്ച കോടതി ഹാരിസണൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു. ഷഹാനയുടെ ബന്ധുക്കളെത്തിയെങ്കിലും എതിര്‍പ്പുകളൊന്നും ഉയര്‍ത്തിയില്ല. പ്രണയവിവാഹത്തിന്റെ പേരില്‍ എസ്.ഡി.പി.ഐക്കാര്‍ വധഭീഷണി മുഴക്കുന്നതായി കാണിച്ച് ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവരുടെ വിവാഹം ശ്രദ്ധിക്കപ്പെട്ടത്.