എന്റെ ഭാര്യയെ ഞാന്‍ മോഡലാക്കും, അതും സര്‍ക്കാര്‍ ചെലവില്‍, ഒരു റഷ്യന്‍ രസക്കഥ

സര്‍ക്കാര്‍ ചെലവില്‍ ഭാര്യയെ സ്നേഹിക്കുന്നത് ഒരു തെറ്റാണോ?. ഇൗ ചോദ്യത്തിനുള്ള ഉത്തരമാണ് റഷ്യന്‍ യുവ വ്യവസായി ഇവാന്‍ പന്റിലീവ്. തൊഴിലും കുടുംബജീവിതവും ഒരുമിച്ച് കൊണ്ട് പോകാന്‍ പെടാപ്പാട് പെടുന്നവരുടെ മാതൃകയായിരിക്കുകയാണ് ഇൗ റഷ്യക്കാരന്‍. സ്വന്തം ഭാര്യയോടുള്ള സ്നേഹത്തിന് അതിര്‍വരമ്പ് വയ്ക്കാത്തതായിരുന്നു ഇവാന്‍ ചെയ്ത തെറ്റ്.  ഭാര്യയെ അതിരുകടന്ന് സ്നേഹിച്ചതിന് സമൂഹമാധ്യമങ്ങളില്‍ നിന്നും എല്‍ക്കേണ്ടിവന്നത് രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളും. എല്ലാത്തിലും കാരണം ഇൗ ലോകകപ്പാണെന്ന് പറയാം. രസകരമായ ആ കഥ ഇങ്ങനെ.

കാല്‍പ്പന്താവേശത്തില്‍ റഷ്യയും ലോകവും പന്തുതട്ടുമ്പോള്‍ അതിന് ഉഷാറേകാന്‍ ചുമതലപ്പെട്ടവരില്‍ ഒരാള്‍ ഇവാനായിരുന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ഭരണനേതൃത്വം ഫുട്ബോള്‍ ആവേശത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച സമയം. ഒട്ടേറെ പദ്ധതികള്‍ അവര്‍ തീരുമാനിച്ച് നടപ്പിലാക്കി. അതിലൊന്നാണ് ലോകകപ്പിന്റെ പ്രചാരണത്തിനായി മോസ്കോയിലെ കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും ഫുട്ബോളുമായി ബന്ധപ്പെട്ട പരസ്യങ്ങളും കട്ടൗട്ടുകളും വയ്ക്കുക എന്നത്. ഇതിനായി ഒരു കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. ഇവാന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് അധികൃതര്‍ കരാര്‍ നല്‍കിയത്. 

ജോലിയില്‍ കൃത്യനിഷ്ഠതയുള്ള ഇവാനും സ്ഥാപനവും പറഞ്ഞ സമയത്തിനുള്ളില്‍ ജോലികള്‍ ചെയ്തു തീര്‍ത്തു. പക്ഷേ പിന്നീട് സോഷ്യല്‍ ലോകത്ത് ട്രോളുകളുടെ ബഹളം. എന്താണ് കാര്യമെന്ന് അന്വേഷിച്ച അധികൃതര്‍ ‍ഞെട്ടി. മോസ്കോയില്‍ നിരത്തിയ പരസ്യങ്ങളിലും െകട്ടിടങ്ങളിലെ ഭീമന്‍ കട്ടൗട്ടുകളിലുമെല്ലാം നായിക ഇവാന്റെ ഭാര്യയായിരുന്നു. ഭാര്യ ഡാരിയ പന്റിലീവിനെ മോഡലാക്കിയാണ് ഇദ്ദേഹം തൊഴിലും കുടുംബജീവിതവും ഒരുമിച്ച് കൊണ്ട് പോയത്. സര്‍ക്കാര്‍ ചെലവില്‍ സ്വന്തം ഭാര്യയുടെ കട്ടൗട്ട് വയ്ക്കാന്‍ നാണമില്ലേ എന്നാണ് സോഷ്യല്‍ ലോകം ഇവാനോട് ചോദിച്ചത്. വിമര്‍ശനങ്ങള്‍ കൂടിയപ്പോള്‍ ഇവാന്‍ നല്‍കിയ മറുപടി ഇങ്ങനെ. എല്ലാവരും അസൂയക്കാരനാണ് അതാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത്. എന്താല്ലേ.