എയര്‍പോര്‍ട്ടിലെ വിഎെപി ലോഞ്ചില്‍ ‘അണലി അതിഥി’; ഞെട്ടി യാത്രക്കാര്‍

പുതുച്ചേരി വിമാനത്താവളത്തിലെ വി‌ഐപി ലോഞ്ചിലെത്തിയ ‘അതിഥി’യെ കണ്ട് ഞെട്ടിയത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ അടക്കമുള്ളവര്‍. ആള് അത്രവലിയ വിവി‌എെപി ഒന്നുമല്ല. വി‌എെപി ലോഞ്ചില്‍ കസേരയുടെ അടിയില്‍ ചുരുണ്ടുകൂടി കിടന്നത് ഉഗ്രവിഷമുള്ള അണലി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഗുരുദാസ് മൊഹാപാത്രയാണ് പാമ്പിനെ ആദ്യം കാണുന്നതും.  

ആറടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തിയതോടെ ആകെ പരിഭ്രാന്തിയായി. ഗുരുദാസ് മൊഹാപാത്ര വേഗം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ വനിതാജീവനക്കാരി മോപ്പ് ഉപയോഗിച്ച് പാമ്പിനെ പുറത്താക്കാന്‍ ശ്രമിച്ചു. ഈ സമയം ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തിയാഗോ സ്ഥലത്തെത്തി അണലിയെ പിടികൂടി വനംവകുപ്പിന് കൈമാറി. 

പാമ്പിനെ പിടികൂടിയ തിയാഗോയ്ക്ക് കാഷ് അവാര്‍ഡും ധീരതയ്ക്കുള്ള പ്രശംസാപത്രവും ഡിജിപി എസ്.കെ  ഗൗതം സമ്മാനിച്ചു. പാമ്പിനെ പുറത്താക്കാന്‍ ശ്രമിച്ച ജീവനക്കാരിയെയും ആദരിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് പാമ്പ് വിമാനത്താവളത്തിനുള്ളില്‍ എത്തിയതെന്നാണ് നിഗമനം.