ചെങ്ങന്നൂര്‍ പന്തയത്തില്‍ തോറ്റു; ‘വിരുദ്ധ’ന്‍റെ ഫെയ്സ്ബുക്ക് വാളിലും പിണറായിച്ചിരി

നഷ്ടപ്പെട്ട പരമ്പരാഗത യുഡിഎഫ് മണ്ഡലം തിരിച്ചു പിടിക്കാനിറങ്ങി മണ്ഡലത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങിയതിന്റെ ഞെട്ടലിലാണ് യുഡിഎഫ് ക്യാംപ്. പരമ്പരാഗതമായി കിട്ടിയിരുന്ന ക്രിസ്ത്യൻ വോട്ടുകളും ഹൈന്ദവ വോട്ടുകളും മുന്നണിയുടെ കൈയിൽ ഭദ്രമാണെന്ന യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിയതും പ്രഹരത്തിന്റെ ശേഷി കൂടുന്നതിന് കാരണമായി. സജി ചെറിയാന്റെ മിന്നുന്ന വിജയം കോൺഗ്രസിനെ പോലെ തന്നെ പണികൊടുത്തത് ഫെയ്സ്ബുക്കിലെ ‘ഇടതിതര’ ബുദ്ധിജീവികൾക്കു കൂടിയാണ്.  ചെങ്ങന്നൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ സജി ചെറിയാൻ ചെങ്കോടിയേന്തിയപ്പോൾ പിണറായി ‘വിരുദ്ധർ’ക്കും എൽഡിഎഫിന്റെ വിജയം പ്രഹരമായി. 

പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ജിതിൻ മോഹൻദാസിനാണ് കൂട്ടത്തിൽ ഏറ്റവും വലിയ പണി കിട്ടിയത്. വിനിഷ മാത്യു എന്ന ഫെയ്സ്ബുക്ക് സുഹൃത്തിനോട് പന്തയം വച്ച് ദയനീയമായി ജിതിൻ പരാജയപ്പെടുകയായിരുന്നു. സാധാരണ ആളുകൾ മീശ വടിക്കാമെന്നും തല മൊട്ടയടിക്കാമെന്നുമൊക്കെ പന്തയം വച്ചപ്പോൾ ജിതിൻ മോഹൻദാസ് വച്ച ബെറ്റ് കൗതുകരമായിരുന്നു. സജി ചെറിയാൻ ജയിച്ചാൽ പിണറായിയുടെ കവർ പിക് 30 ദിവസം വയ്ക്കാമെന്നായിരുന്നു പന്തയം. കോൺഗ്രസ് കുടുംബത്തിൽ ജനിച്ച്  കെഎസ്‌യുവിലൂടെ വളര്‍ന്ന് ലോകത്തെ പ്രധാന യുക്തിവാദ ജേര്‍ണലായ 'എത്തീസ്റ്റ് റിപ്പബ്ലിക്കിലെ' ബ്ലോഗറും എഴുത്തുകാരനുമായ ജിതിൻ പന്തയം വച്ചപ്പോഴൊന്നും തനിക്ക് ഈ ഗതി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതുമില്ല.

സജി ചെറിയാൻ ജയിച്ചതോടെ എതിർചേരിക്കാർ ജിതിന്റെ വീട്ടുപരിസരത്തിനു ചുറ്റം ആഘോഷവും പടക്കം പൊട്ടിക്കലും നടത്തുകയും ചെയ്തു. മാറ്റേണ്ട കവറും പ്രൊഫൈലും വിന്‍ഷ അയച്ചു കൊടുത്തു. ഏകെജിയും സുശീലയും ചേര്‍ന്നു നില്‍ക്കുന്ന കവര്‍. ചിരിയുടെ മൂന്നു പിണറായി ചിത്രങ്ങള്‍ കവര്‍. ജിതിന്‍ കവറില്‍ പിണറായിക്കും പ്രൊഫൈലില്‍ ഏകെജിക്കും സ്ഥാനം നല്‍കി. ചെങ്ങന്നൂരിലെ വോട്ടറായ ജിതിന്‍ ബെറ്റില്‍ തോറ്റ് പിണറായിയെ സ്വന്തം പ്രൊഫൈലില്‍ ഒരുമാസം കൊണ്ടു നടക്കും.

എങ്ങനെ നമ്മൾ തോറ്റാൽ എന്ന് ജിതിനോട് ചോദിച്ചാൽ ജിതിൻ സിംപിൾ ആയി പറയും ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം. സജി ചെറിയാന്റെ വിജയത്തോടോപ്പം രസകരമായ ഈ പന്തയവും ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങൾ.