ഇത് വേറെ ലെവൽ; ബസ് ഓടിച്ച് വധു എത്തി, കാത്തു നിന്ന വരന് ലിഫ്റ്റും നൽകി

വിവാഹാഘോഷത്തിന്റെ മാറ്റു കൂട്ടാൻ വിവാഹവേദിയിലേക്ക് ആനപ്പുറത്തും കുതിരപ്പുറത്തുമൊക്കെയെത്തുന്ന വധൂവരന്മാരെ എല്ലാവർക്കും പരിചയമുണ്ട്. എന്നാൽ പരമ്പരാഗത സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് ഒരു വധു വിവാഹവേദിയിലേക്കെത്തിയത് ബസ്സിലാണ്. ബസ് ഓടിച്ച് വിവാഹവേദിയിലേക്കെത്തുന്നതിനിടെ വഴിയിൽ കാത്തു നിന്ന വരന് ലിഫ്റ്റ് നൽകാനും അവൾ മടിച്ചില്ല. ചൈനയിലാണ് സംഭവം. ലിജിങ് എന്ന യുവതിയാണ് ബസ് ഓടിച്ച് വിവാഹവേദിയിലെത്തിയത്.

ചൈനയിലെ പീപ്പിൾസ് ഡെയ്‌ലി പുറത്തുവിട്ട വിഡിയോയിലൂടെയാണ് കൗതുകം നിറഞ്ഞ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ലോകമറിഞ്ഞത്. ബസ്സിന്റെ മുൻവശത്ത് വധൂവരന്മാരുടെ ചിത്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്. ഉൾവശത്ത് നിറയെ ബലൂണുകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. വെഡ്ഢിങ് ഗൗൺ ധരിച്ച വധു വളരെ അനായാസേനെയാണ് ബസ് ഓടിച്ച് വിവാഹ വേദിയിലെത്തിയത്. 

ബസ്സിൽ തന്നെ പിക്ക് ചെയ്യാനെത്തിയ വധുവിനെ അഭിനന്ദിച്ചുകൊണ്ട് വരൻ പറഞ്ഞതിങ്ങനെ. 'സാധാരണ ഓഫീസിൽ നിന്നിറങ്ങാൻ ഇവൾ ഒരുപാട് വൈകാറുണ്ട്. ഭാഗ്യം ഇന്നു കൃത്യസമയത്തു തന്നെ അവൾ എന്നെ പിക്ക് ചെയ്ത് വിവാഹവേദിയിലെത്തിച്ചു'. വരനു മാത്രമല്ല ബസ്സ് യാത്രയെക്കുറിച്ച് വധുവിനും ചിലതൊക്കെ പറയാനുണ്ട്. 'എല്ലാവരും ഗ്രീൻ ട്രാവലാണിഷ്ടപ്പെടുന്നതെന്നും  കാർ ഉപയോഗിക്കുമ്പോഴുണ്ടാകുന്നതിനേക്കാൾ കുറവ് വായുമലിനീകരണമേ ബസ്സ് ഉപയോഗിക്കുമ്പോൾ ഉണ്ടാകാറുള്ളൂവെന്നും അതുകൊണ്ടാണ് വിവാഹത്തിന് വെഡ്ഢിങ് കാർ ഒഴിവാക്കി ബസ്സ് തിരഞ്ഞെടുത്തതെന്നും' അവർ പറഞ്ഞു.