സപ്തതിനിറവില്‍ എസ്.രമേശന്‍ നായര്‍

മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ സപ്തതിനിറവില്‍ . മലയാള സിനിമാഗാനങ്ങളായും ഭക്തിഗാനങ്ങളായും  രമേശന്‍നായരുടെ തൂലികയില്‍ പിറന്നത് മൂവായിരത്തി അ‍ഞ്ഞൂറിലധികം ഗാനങ്ങളാണ്. 

സപ്തതിയുടെ നിറവിലും രമേശന്‍ നായര്‍ തിരക്കിലാണ്. തിരുക്കുറലിന്റെ പരിഭാഷയ്ക്കുശേഷം കമ്പ രാമായണം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയെന്ന വലിയ ദൗത്യത്തിലാണ്. കമ്പരാമായണത്തിന്റെ കാവ്യഭംഗി ഒട്ടും ചോര്‍ന്നുപോകാതെ ആസ്വാദകരിലേക്ക് എത്തിക്കുകയെന്നത് ശ്രമകരവും. തിരുക്കുറലിന്റെ പരിഭാഷയ്‍ക്ക് പത്തുവര്‍ഷമെടുത്തെങ്കിലും കമ്പരാമായണം അത്ര നീളില്ല. 

പന്ത്രണ്ടാംവയസില്‍ പരിവര്‍ത്തനമെന്ന പേരില്‍ ആദ്യ കവിത. ബി.എയ്‍ക്ക് പഠിക്കുമ്പോള്‍ ആദ്യ കവിതാസമാഹാരം. 85ല്‍ പത്താമുദയത്തിലൂടെ  മലയാളസിനിമാഗാനരചനയിലേക്ക്. പുലര്‍ച്ചെയാണ് എഴുത്ത് . അങ്ങനെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പിറന്ന അറുനൂറുലധികം ഗാനങ്ങള്‍ ഇന്നും മലയാളിയുടെ നാവിന്‍തുമ്പിലുണ്ട്. സിനിമാഗാനങ്ങളെഴുതുന്നതില്‍ ഇടവേളകളുമുണ്ടായി.

ഇതിനിടയില്‍ ഇഷ്ടദേവനായ ശ്രീകൃഷ്ണനെക്കുറിച്ച് നൂറുകണക്കിന് ഗാനങ്ങള്‍. ആവ‍ര്‍ത്തനമില്ലാതെ അര്‍ഥഭംഗിയോടെ ചിട്ടപ്പെടുത്തിയവ. 

പുരസ്കാരങ്ങള്‍ നിരവധി ഏറ്റുവാങ്ങിയ കവിക്ക് പുതുതലമുറയോട് പറയാനുള്ളത് ഇത്രമാത്രം.