ബസിനുള്ളില്‍ പ്രസവവേദന; ആനവണ്ടി ആംബുലന്‍സ് പോലെ പാഞ്ഞു, നിറകയ്യടി

കെ.എസ്.ആര്‍.ടി.സി മലയാളിക്ക് ഒരു വികാരവും അതിനപ്പുറം ആനയോളം പോന്ന പെരുമയാണ്. ഇതാ ആനവണ്ടി കമ്പക്കാര്‍ക്ക് പറഞ്ഞ് സന്തോഷിക്കാന്‍ ഒരു വാര്‍ത്തകൂടി.  യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഗതാഗതക്കുരുക്കിനിടയിലും മിനിറ്റുകൾക്കുള്ളില്‍ ആശുപത്രിയിലെത്തിച്ച് കയ്യടി മേടിച്ചിരിക്കുകയാണ് ഇൗ ഡ്രൈവറും കണ്ടക്ടറും. വെഞ്ഞാറമൂട്–കേശവദാസപുരം റോഡിൽ വട്ടപ്പാറ ജംക്‌ഷനിൽ വച്ചാണ് യുവതിക്ക് പ്രസവവേദന കൂടിയത്. ഉടനെ 12 കിലോമീറ്റർ അകലെയുള്ള എസ്എടി ആശുപത്രിയിലേക്ക് ബസ് കത്തിച്ചുവിട്ടു. പൊലീസിനെയും വിവരമറിയിച്ചു. 

ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ കടയ്ക്കൽ സ്വദേശി ഗിരീഷും കണ്ടക്ടർ സാജനുമാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ പുതുജീവന്റെ പിറവിക്കായി ശരവേഗം കൈവരിച്ചത്. കേശവദാസപുരത്ത് കാത്തുകിടന്ന പൊലീസ് തുടർന്നുള്ള യാത്രയിൽ മിന്നല്‍ വേഗത്തില്‍ വഴിയൊരുക്കി. ഗതാഗതക്കുരുക്ക് രൂക്ഷമായ ഈ റൂട്ടിൽ യാത്ര എളുപ്പമായിരുന്നില്ല. അതും കെ.എസ്.ആര്‍.ടി.സി ബസില്‍. ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ നിർത്താതെയാണ് ബസ് ഗര്‍ഭിണിയുമായി  ആശുപത്രിയിലേക്ക് കുതിച്ചത്. യുവതിയെ സുരക്ഷിതമായി ആശുപത്രിയിലേക്കു മാറ്റിയശേഷം ബാക്കി യാത്രക്കാരുമായി ബസ് തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെത്തി. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അഭിന്ദനപ്രവാഹമാണ് ഇൗ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും.