സിനിമകൾ പോലെ ജീവിതവും തോൽപിച്ചു; ആരുമറിയാതെ ഇൗ സംവിധായകൻ പോയി: ഹൃദയഭേദകം

സിനിമാ സംവിധായകൻ കെ. മുരളീധരന്റെ മരണവാർത്തയിൽ ആരും അനുശോചനം രേഖപ്പെടുത്താത്തതിനെതിരെ തിരക്കഥാകൃത്തായ സത്യൻ കോളങ്ങാട് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കോഴിക്കോട് മുകളേൽ കെ. മുരളീധരനെ (62)അടിമാലിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 20 ൽപ്പരം സിനിമകളിൽ സഹ സംവിധായകനായിരുന്നു അദ്ദേഹം. സമ്മർപാലസ്, ചങ്ങാതിക്കൂട്ടം,  ആറാം വാർഡിൽ ആഭ്യന്തര കലഹം എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. എന്നാൽ ചിത്രങ്ങളുടെ പരാജയം അയാളുടെ ജീവിതത്തേയും മരണത്തേയും ഒരുപോേല ബാധിച്ചുവെന്നാണ് സത്യൻ കോളങ്ങാട്ടാന്റെ കുറിപ്പിൽ പറയുന്നത്.

ജീവിക്കാനായി സെക്യൂരിറ്റിപ്പണിക്കും കല്ലു ചുമക്കാനും വർക്കപ്പണിക്കുമൊക്കെ പോയ അദ്ദേഹം പ്രമുഖനല്ലായിരുന്നു, അതുകൊണ്ട് തന്നെ  സംവിധായകനായ കെ. മുരളീധരന്റെ മരണം വാർത്തയായില്ലെന്നും തിരക്കഥാകൃത്ത് സത്യൻ കോളങ്ങാട് തന്റെ കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം

അസോസിയേറ്റ് മുരളി. കൂടുതൽ പേർ അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്. 35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്നു. ഒട്ടേറെ സംവിധായകരുടെ കൂടെഅസോസിയേറ്റായി വർക്ക് ചെയ്തിട്ടുണ്ട്. സമ്മർ പാലസ്, ആറാം വാർഡിൽ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു.

ഏതാണ്ട് പത്തുകൊല്ലം മുമ്പ് റിയാൻ സ്റ്റുഡിയോയിൽ ഞാൻ കഥ പറയാൻ ചെല്ലുമ്പഴാണ് പരിചയപ്പെട്ടത്. നാട്യങ്ങളില്ലാത്ത ഒരു സാധാരണസിനിമക്കാരൻ. ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല. എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോൾ അദ്ദേഹം പറയുമായിരുന്നു

നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടു മൂന്നു മാസങ്ങൾക്കുമ്പാണ് അറിഞ്ഞത് ഏതോ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നുണ്ട് എന്ന്.

പിന്നീട് അതും ഉപേക്ഷിച്ച് കല്ലു ചുമക്കാനും വർക്കപ്പണി ചെയ്യാനും തുടങ്ങി. ഇതിനിടയിൽ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി. പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത്. ഒരു നെഞ്ചുവേദന. കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു. മരണത്തിന് എന്ത് ഹിറ്റ് ?

പരാജയപ്പെട്ട മൂന്നു സിനിമകൾക്കൊപ്പം പരാജയപ്പെട്ട ജീവിതവും ! ഒരു ചാനലിലും ഫ്ലാഷ് ന്യൂസ് വന്നില്ല. ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല

കാരണം അതൊരു പ്രമുഖന്റെ മരണമായിരുന്നില്ല .

ചിത്രങ്ങൾക്ക് കടപ്പാട് മേക്കപ്മാൻ സുധീഷിനോട്.