ദലിതനെ തോളിലേറ്റി നടന്ന് പൂജാരി; പഴയ കഥയുടെ പുതിയ ആവിഷ്കാരം; വിഡിയോ

ഇതൊരു തുടക്കമാകട്ടെ എന്നാണ് പ്രാർഥന.അങ്ങനെ പറയാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിച്ച് നിർത്തുമ്പോൾ, ദലിതനെ മാറ്റിനിർത്തപ്പെടുമ്പോൾ ഹൈദരാബാദിൽ നിന്നും വേറിട്ടൊരു വാർത്ത. ഹൈദരാബാദിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് ദലിത് യുവാവിനെ  തോളിലേറ്റി ക്ഷേത്രത്തിലേക്ക് നടന്നത്. ദലിതർനെതിരെയുള്ള അതിക്രമവും വേർതിരിവും അവസാനിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നിൽ. ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ രംഗരാജൻ എന്ന പൂജാരിയാണ് ആദിത്യ പരാശ്രീ എന്ന യുവാവിനെ ചുമലിലേറ്റി നടന്നത്.  

മനുഷ്യർ തമ്മിൽ െഎക്യമുണ്ടാകാനും ഭാരതത്തിന്റെ മഹത്തായ പാരമ്പര്യമായ സനാതനധർമ്മത്തിന്റെ മഹത്വം വിളിച്ചോതുന്ന കഥയാണ് ഇൗ ചടങ്ങിന് പിന്നിൽ.   2,700 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കഥയാണ് ഇതിന്റെ അടിസ്ഥാനം. ആ മിത്തിനെ പുതിയ സമൂഹത്തിനായി പുനരാവിഷ്കരിക്കുകയായിരുന്നു ഇദ്ദേഹം. രാജ്യമെമ്പാടും ദലിതർക്കെതിരെ നടക്കുന്ന വിവേചനങ്ങളും അക്രമങ്ങൾക്കുമെതിരെയുള്ള സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് രംഗരാജൻ പറയുന്നു.

പൂജാരിയുടെ ഇൗ തീരുമാനത്തിന് പിന്തുണയുമായി ഒട്ടേറെ പേർ രംഗത്തെത്തി. തോളിലേറ്റി ഇയാളെ കൊണ്ടുപോകുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ക്ഷേത്രത്തിലെത്തിയ ശേഷം നിറകണ്ണുകളോടെയാണ് ആദിത്യ പൂജാരിയെ പുണർന്നത്.