‘ട്യൂമറാണ്, പേടിക്കാനില്ല; പ്രാർത്ഥനകള്‍ തരൂ...’ വ്യക്തത വരുത്തി ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് താരം ഇർഫാൻ ഖാൻ ഗുരുതരമായ അസുഖം മൂലം ആശുപത്രിയിലാണെന്ന വാർത്ത സിനിമാ ലോകത്തെ ‍ഞെട്ടിച്ചതിന് പിന്നാലെ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത. അദ്ദേഹത്തിന് അപൂർവ രോഗമാണെന്നായിരുന്നു വാർത്തകൾ. എന്നാലിതാ, ഉൗഹാപോഹങ്ങൾക്ക് വിട നൽകി സത്യാവസ്ഥ വെളിപ്പെടുത്തി ഇർഫാൻ ഖാൻ തന്നെ രംഗത്തെത്തി.

പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാൻ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക് മനസ്സിലായതും അതാണ്. എനിക്ക് ട്യൂമറാണെന്ന (വയറിലെ ആന്തരികാവയവങ്ങളിൽ) സത്യം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചതെങ്കിലും ചുറ്റുമുള്ളവരുടെ സ്നേഹവും കരുതലും ശക്തിയും പ്രതീക്ഷ പകരുന്നതാണ്. ചികിത്സക്കായി ഞാൻ ഇപ്പോൾ വിദേശത്താണ്. 

‘ന്യൂറോ എന്നുപറയുന്നത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല, കൂടുതൽ അറിയണമെങ്കിൽ ഗൂഗിളിൽ ചെന്ന് റിസേർച്ച് ചെയ്യൂ. നിങ്ങളെല്ലാവരുടെയും പ്രാർത്ഥനകളും ആശംസകളും ഉണ്ടാകണം. എന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവർക്കായി കൂടുതൽ പറയാൻ ഞാൻ വീണ്ടും വരുന്നതായിരിക്കും.’–ഇർഫാൻ ഖാൻ പറഞ്ഞു.

ഇർഫാന്റെ രോഗത്തെക്കുറിച്ച് ഭാര്യ സുതാപ സിക്ദർ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. എന്നാൽ രോഗമെന്തെന്ന് അവരും വെളിപ്പെടുത്തിയിരുന്നില്ല. 

എന്റെ പങ്കാളി ജീവിതത്തിലെ പ്രതിസന്ധികളോട് പോരടിക്കുകയാണ്. നിങ്ങളുടെയൊക്കെ പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോൾ യുദ്ധഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. എന്നാണ് സുതാപ അന്ന് വ്യക്തമാക്കിയത്.

സിനിമകളിൽ നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.

മാർച്ച് അഞ്ചിനാണ് താൻ അസുഖബാധിതനാണെന്ന വിവരം ട്വിറ്ററിലൂടെ താരം വെളിപ്പെടുത്തുന്നത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററിൽ കുറിച്ചിരുന്നു.