‘നീ എ.കെ.ജിയെ പോലെയാകണം..’ മുംബൈ വിജയമാര്‍ച്ചിന് പിന്നിലെ കണ്ണൂരുകാരന്‍ ഇതാ

വാണിജ്യതലസ്ഥാനത്ത് വിജയത്തിന്റെ അലയൊലികൾ മുഴങ്ങുകയാണ്. കര്‍ഷകരുടെ വിപ്ലവ സമരത്തിന്റെ അനിവാര്യമായ അവസാനം. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന സർക്കാരിന്റെ ഉറപ്പിനൊപ്പം 180 കിലോമീറ്റർ നടന്നുവിണ്ടുകീറിയ കാൽപ്പാദങ്ങളെ മുന്നിൽനിന്ന് നയിച്ചവരിൽ കണ്ണൂരിന്റെ സഖാവുമുണ്ട്. കണ്ണൂർ ചെറുകുന്ന് സ്വദേശി വിജു കൃഷ്ണൻ. മഹാരാഷ്ട്രയിലെ കർഷകർക്ക് കരുത്തേകി ബിജെപി സർക്കാരിനെ പിടിച്ചുകുലുക്കിയ െഎതിഹാസിക സമരത്തിന്റെ മുൻനിര പേരാളി. ജീവിതത്തിൽ അമ്മയുടെ വാക്കിന് അർഥം നൽകിയ വിജു കൃഷ്ണൻ.

‘നീ എ.കെ.ജിയെ പോലെ വലിയ നേതാവാകണം...’ കോളജ് അധ്യാപകന്റെ ജോലി രാജിവച്ച് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങാനുറച്ച വിജുവിനോട് അമ്മ പറഞ്ഞ ഏകകാര്യം ഇതായിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ അമരത്ത് എജെകി ഇരുന്ന കാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു മഹാരാഷ്ട്രയിലെ ഇപ്പോൾ കർഷകപ്രക്ഷോഭം. എകെജിയുടെ കാലത്ത് പാർലമെന്റിനെപോലും പിടിച്ചുലച്ച കർഷകപ്രക്ഷോഭങ്ങളുടെ പാത പിന്തുടർന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അതെ കണ്ണൂരുകാരന്റെ വിജയമുദ്ര.

ആരാണ് വിജു കൃഷ്ണന്‍..?

സിപിഎം കേന്ദ്രകമ്മിറ്റി സ്ഥിരം ക്ഷണിതാവും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയുമാണ് വിജുകൃഷ്ണൻ. കരിവെള്ളൂരിന്റെ മണ്ണിൽ നിന്നാരംഭിച്ച സമരജീവിതത്തിൽ ചെങ്കനലെരിയുന്ന മനസും ഉറച്ച കാൽവെയ്പ്പുമായിരുന്നു അയാൾക്ക് കൈമുതൽ. അ‍ഞ്ചുദിവസം കർഷകരെയും ആദിവാസി സമൂഹത്തെയും അണിനിരത്തി തീർത്തും സമാധാനപരമായ ഇൗ സമരത്തിന്റെ അണിയറയിലും അരങ്ങിലും വിജുകൃഷ്ണൻ സജീവമായിരുന്നു. 

രാജ്യത്ത് സിപിഎം അതിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് ഇൗ സമരം സിപിഎമ്മിന് നൽകിയ ബലം ചെറുതൊന്നുമല്ല. വമ്പിച്ച ജനമുന്നേറ്റത്തിൽ പകച്ച ബിജെപിക്കും നൽകിയ പാഠം ചെറുതല്ലെന്ന് ഇൗദിനം തെളിയിക്കുന്നു. ഒട്ടേറെ തവണ ഉന്നയിച്ച ആവശ്യങ്ങൾ നേടാൻ അവർക്ക് പിന്നിടേണ്ടി വന്നത് വെറും 180 കിലോമീറ്റർ മാത്രം. ഇതൊരു പാഠമാണ്. ‘ജയ്കിസാൻ’ എന്നത് ആവേശപ്രസംഗത്തിനിടെയിൽ പുട്ടിന് പീരപോലെ ഉപയോഗിക്കാനുള്ളതല്ലെന്ന് അവർ കാണിച്ചുകൊടുത്തു. എല്ലാം മറന്ന് ജനം ഒപ്പം നിന്നു.  കൂട്ടായ്മയുടെ വിജയത്തിന്‍റെ പുതുചരിത്രം ഇന്ത്യയുടെ നെഞ്ചിൽ എഴുതിചേർക്കാൻ ഒരുജനതക്ക് വേണ്ടിവന്നത് അവർ പിന്നിട്ട പാതകൾ മാത്രം. ഭരണാധികാരിൾക്ക് നൽകിയ തിരിച്ചറിവിന്റെ അമരക്കാരൻ കൂടിയാകുന്നു വിജുകൃഷ്ണൻ 

കഴിഞ്ഞ മാസം രാജസ്ഥാനിൽ നടന്ന കർഷകസമരത്തിനും വിജു കൃഷ്ണൻ  നേതൃത്വം നൽകിയിരുന്നു. 2009 മുതൽ കർഷകരുടെ അവകാശപോരാട്ടങ്ങളുടെ മുൻനിരക്കാരനാണ് ഇദ്ദേഹം.  ജെഎൻയുവിലെ വിദ്യാർഥി ജീവിതത്തിലൂടെയാണ്  രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. എസ്എഫ്െഎയുടെ സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റായിരുന്ന വിജു കൃഷ്ണൻ ഒട്ടേറെ വിദ്യാർഥി സമരങ്ങളിലും പങ്കെടുത്തു. ‘ഉദാരവത്കരണകാലത്തെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍: കേരളത്തെയും ആന്ധ്രയേയും സംബന്ധിച്ച സവിശേഷ പഠനം’ ഈ വിഷയത്തില്‍ ഊന്നിയായിരുന്നു ജെഎന്‍യുവിലെ ഗവേഷണം. പിന്നീട് ബെംഗളൂരു സെന്റ് ജോസഫ് കോളജിൽ പെളിറ്റിക്കൽ സയൻസ് മേധാവിയുമായി. പിന്നീടാണ് ജോലി ഉപേക്ഷിച്ച് കർഷകരുടെ ശബ്ദമാകാൻ ഇറങ്ങിത്തിരിക്കുന്നത്.

കഴിഞ്ഞ ആറുദിവസമായി നടക്കുന്ന ഐതിഹാസിക മാര്‍ച്ചിനൊടുവിലാണ് കര്‍ഷകര്‍ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത്.  ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമസഭ ഉപരോധിക്കാനും ഭരണം സ്തംഭിപ്പിക്കാനുമായിരുന്നു കര്‍ഷകരുടെ പദ്ധതി.  ഇന്ന് പുലർച്ചെ മുംബൈ ആസാദ്‌ മൈതാനത്ത് എത്തിയ കർഷകർ ചര്‍ച്ചയിലെ തീരുമാനമറിയാനാണ് കാത്തിരുന്നത്. 

ഓൾഇന്ത്യ കിസാന്‍ സഭയുടെ ലോങ് മാര്‍ച്ച് മുംബൈ സിഎസ്ടി റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ആസാദ് മൈതാനിയില്‍  പുലർച്ചയോടെയാണ് എത്തിയത്. പ്രതിപക്ഷ പാർട്ടികൾക്കൊപ്പം മഹാരാഷ്ട നവനിർമാൺ സേനയും, ആം ആദ്മി പാർട്ടിയും ഭരണത്തിൽ സഖ്യകക്ഷിയായ ശിവസേനയും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  

കർഷക പ്രക്ഷോഭം മഹാരാഷ്ട്ര നിയമസഭയെയും പ്രക്ഷുബ്ദമാക്കി. കർഷകരുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞിരുന്നു. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ കർഷക നേതാക്കളുമായി നടത്തിയ പ്രാഥമിക ചർച്ചയിലും സമവായത്തിന് വഴി തുറന്നിരുന്നു.