മകന് വിട നല്‍കുന്ന അമ്മ...; നെഞ്ച് പൊള്ളിക്കും ഈ പ്രസംഗം

‘ഈ കള്ളക്കുട്ടൻ അമ്മയെ വീടിന്റെ മുറ്റത്ത് കൂടെ കളിപ്പിച്ച് ഒരുപാട് ഓടിച്ചതാണ്. അമ്മയ്ക്ക് പിടി തരാതെ ഓടിച്ചിട്ടുണ്ട്. അവൻ ജനിക്കുന്നതിന് മുമ്പ് തന്നെ ദൈവം അവനെ കണ്ടിരുന്നു. 25 വയസുവരയെ മോന് ഭൂമിയിൽ ആയുസ് നൽകിയിട്ടുള്ളൂ. അവന് വേണ്ടി നിശ്ചയിച്ച ദിവസം അവന് തിരിച്ചു പോയി. ആരും കരയരുത്. തിരിച്ചുവിളിച്ചാൽ സന്തോഷത്തോടെ അവനെ പറഞ്ഞുവിടേണ്ടത് എന്റെ കർത്തവ്യമാണ്. ഞാൻ അവനെ സ്നേഹിക്കുന്നതിനേക്കാൾ അവൻ എന്നെ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് എനിക്കുമുമ്പേ അവൻ പോയത്. അവൻ മാലാഖമാരുടെ അരികിലേക്കാണ് പോകുന്നത്. അവന് ഒരിക്കൽ മാത്രമേ യാത്രയൊള്ളൂ. അതൊരു വിലാപയാത്രയല്ല. നമ്മളാരും കരയേണ്ട. അവനെ സന്തോഷത്തോടെ പറഞ്ഞുവിടണം. മകനെക്കുറിച്ച് സ്വർഗത്തിലൊരു പദ്ധതിയുണ്ട്. അവൻ പറഞ്ഞിരുന്നു ദൈവത്തിന് എന്നെക്കുറിച്ചൊരു പദ്ധതിയുണ്ട്.’ - ഒരിറ്റുകണ്ണീരില്ലാതെ ഈ അമ്മ നടത്തിയ വിടവാങ്ങൽ പ്രസംഗം കേട്ടുനിന്നവരെ കണ്ണീർ കടലിലാഴ്ത്തി. 

മറിയാമ്മ ജേക്കബ് എന്ന അധ്യാപികയുടെ പ്രസംഗമാണ് ഫെയ്സ്ബുക്കിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 12.30ന് ചെങ്ങന്നൂരിൽ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഉണ്ടായ അപകടത്തിലാണ് ഇവരുടെ മകൻ വിനു കുര്യൻ ജേക്കബ് മരിച്ചത്. കശ്മീരിലെ ലെ മുതല്‍ കന്യാകുമാരി വരെ അനുജനും സുഹൃത്തുമായി 52 മണിക്കൂര്‍58 മിനിട്ട് കൊണ്ട് കാര്‍ ഓടിച്ചെത്തി വിനുകുര്യന്‍ ജേക്കബ്‌ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌ നേടിയരുന്നു. 

സുഹൃത്തിന്റെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങവെയാണ് ചെങ്ങന്നൂരില്‍ - തിരുവല്ലാ ദിശയിൽ സഞ്ചരിച്ച വിനുവിന്റെ ബൈക്ക് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. പോലീസെത്തി ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

കുറ്റൂരില്‍ വ്യാപാരിയാണ് പിതാവ് ജേക്കബ്‌ കുര്യന്‍. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ്‌ ഏറ്റുമാനൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍ ആണ്. ഇളയ സഹോദരന്‍ ക്രിസ് ജേക്കബ്‌ തിരുവല്ല മാര്‍ത്തോമ സ്കൂള്‍ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി.