ഞാൻ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്, മാനുഷിയോട് കോഹിലി

പതിനേഴ് വർഷങ്ങൾക്ക് ശേഷം ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരിയാണ് മാനുഷി ഛില്ലർ. അത്കൊണ്ട് തന്നെ ലോകസുന്ദരിയായ മാനുഷി തിരക്കിലുമാണ്. ആഘോഷങ്ങൾക്കിടയിൽ പ്രധാന വ്യക്തികളുമായി സംവദിക്കാനും മാനുഷിക്ക് അവസരം ലഭിക്കുന്നുണ്ട്. അങ്ങനെ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹിലിയുമായി സംവദിക്കാൻ മാനുഷിക്ക് അടുത്തിടെ അവസരം ലഭിക്കുകയുണ്ടായി. ഒരു പുരസ്കാരദാന ചടങ്ങിൽ 17 വർഷത്തിനുശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കു കൊണ്ടുവന്ന മാനുഷി ഛില്ലർ കോഹ്‍ലിയെ കണ്ടു.

മത്സരത്തിൽ ചോദ്യങ്ങൾക്ക് ശക്തമായി ഉത്തരം നൽകി സുന്ദരിപ്പട്ടം സ്വന്തമാക്കിയ മാനുഷിക്ക് വിരാട് കോഹിലിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടായിരുന്നു. അതിന്റെ ഉത്തരമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്നു ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണു താങ്കൾ. യുവതലമുറയ്ക്കു താങ്കൾ പ്രചോദനവുമാണ്. ഒരു വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലും  യുവതലമുറ എപ്പോഴും താങ്കളെ ശ്രദ്ധിക്കുന്നു. ക്രിക്കറ്റ് രംഗത്ത് കുട്ടികൾക്കുവേണ്ടി എന്തു ചെയ്യുവാനാണു താങ്കൾ ഉദ്ദേശിക്കുന്നത് ? ഇതായിരുന്നു മാനുഷിയുടെ ചോദ്യം. 

‘ക്രിക്കറ്റിലായാലും എന്തു ജോലിയിലായാലും ആത്മാർമായി പെരുമാറുക’ എന്നതായിരുന്നു കോഹ്‍ലിയുെട മറുപടി. നമ്മളെപ്പോഴും നമ്മളായി തന്നെ നിലകൊള്ളുക. വാക്കും പ്രവർത്തിയും ഹൃദയത്തിൽ നിന്നു വരട്ടെ. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കരുത്. വാക്കും പ്രവർത്തിയും സത്യസന്ധമായിരുന്നാൽ വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം. അത്തരം അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്. ഒരിക്കലും മറ്റുള്ളവരെ അനുകരിക്കരുത്. ഞാൻ പെരുമാറുന്ന രീതി, എന്റെ വാക്കുകൾ, പ്രവൃത്തികൾ. ഒക്കെ ജനങ്ങൾ ശ്രദ്ധിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഞാനതൊന്നും ഗൗരവത്തിലെടുത്തില്ല.

നമുക്ക് മാറ്റം വേണമെന്ന ഘട്ടം തോന്നുമ്പോൾ മാത്രം മാറുക. ആസമയത്ത് പക്വതയാർജിക്കുക. വ്യക്തിത്വം ത്യജിക്കരുത്. എല്ലാവർക്കും അവരവരുടേതായ പദ്ധതികളുണ്ട്. അത് വിജയപ്പിക്കുക. കൃത്യമായ പ്ലാനിങ്ങോടെ മാത്രം പ്രവർത്തിക്കുക. വിരാട് കോഹ്‍ലി പറഞ്ഞു. ഇൗ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.