തൊട്ടാൽ മരണം ഉറപ്പ്; കാലുതെറ്റിയാൽ വീഴും 1000 വിഷജീവികളുടെ ഇടയിലേക്ക്

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത്‌വെയിൽ ബീച്ചിൽ പതിവ് പോലെ പ്രഭാതസവാരിക്കിറങ്ങിയതാണ് ബ്രറ്റ് വെലൻസ്കിയെന്ന 45 വയസുകാരനും സുഹൃത്തും. അപ്പോഴാണവർ കടലിൽ ആയിരം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴുകിവരുന്നതുപോലെ ജെല്ലിഫിഷുകളെ കണ്ടത്. അവ പാറയിടുക്കിൽ അടിഞ്ഞ കാഴ്ച മനോഹരമായിരുന്നു. പക്ഷെ ജെല്ലിഫിഷിനോടൊപ്പമുള്ള ഫോട്ടോ ഇപ്പോഴും ബ്രറ്റ് വെലൻസിക്ക് പേടിസ്വപ്നം പോലെയാണ്. കാരണം മറ്റൊന്നുമല്ല ജെല്ലിഫിഷുകൾ പുറപ്പെടുവിക്കുന്ന വിഷം തന്നെ. ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിലൊന്നാണ്  കടൽത്തീരങ്ങളിലെ കടൽച്ചൊറി അഥവാ ജെല്ലിഫിഷ്. 

ഇത്തരമൊരു മനോഹരദൃശ്യം കാമറയിൽ പകർത്താതെ പോകാനും മനസുവന്നില്ല. സാഹസികമായി വഴുക്കലുള്ള പാറകെട്ടുകളിലൂടെ ജെല്ലിഫിഷുകൾ അടിഞ്ഞിടതെത്തി. കാലൊന്ന് തെറ്റിയാൽ വീഴുക, വിഷജീവികളുടെ ഇടയിലേക്ക്. ജീവൻകൈയിൽ പിടിച്ചാണ് ബ്രറ്റ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫോട്ടോ എടുത്ത സുഹൃത്തിനും ഭയം മൂലം കൈവിറയ്ക്കുന്നുണ്ടായിരുന്നു. ഏതായാലും അപകടമൊന്നും സംഭവിച്ചില്ലെന്നുമാത്രമല്ല, ഫോട്ടോ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു. കടലിന്റെയടുത്ത് ജീവിച്ചിട്ടും ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലെയൊരു കാഴ്ച കാണുന്നതെന്ന് ബ്രറ്റ് പറയുന്നു.