ആരംഭിക്കലാമാ!...ചെന്നൈ- മുംബൈ പോരാട്ടം ഇന്ന് വാങ്കഡെയില്‍

ഐപിഎല്‍ പ്രേമികളുടെ എല്‍ ക്ലാസികോ  എന്നറിയപ്പെടുന്ന ചെന്നൈ മുംബൈ പോരാട്ടം ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. 5 മത്സരങ്ങളില്‍ നിന്നായി 3 വിജയവും രണ്ട് തോല്‍വിയുമയായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ്. കൊല്‍ക്കത്തയ്ക്കെതിരെ നടന്ന അവസാന മത്സരവും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ മുംബൈയ്ക്കെതിരെ ഗ്രൗണ്ടിലിറങ്ങുന്നത്. 

തുടരെ മൂന്ന് കളികളില്‍ പരാജയപ്പെട്ടതിനുശേഷം രണ്ട് മത്സരങ്ങള്‍ വിജയിച്ച് താളം കണ്ടെത്തുകയാണ് മുംബൈ ഇന്ത്യന്‍സ്.  കഴിഞ്ഞ മത്സരത്തില്‍ ബംഗളുരുവിനെതിരെ നേടിയ വിജയവും ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാംസ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്.  ഐപിഎല്‍ ചരിത്രത്തില്‍ ഇരുടീമുകളും 36 തവണ ഏറ്റുമുട്ടിയപ്പോള്‍ 20 തവണയും വിജയം മുംബൈയ്ക്കൊപ്പമായിരുന്നു. 16 തവണയാണ് ചെന്നൈ വിജയിച്ചത്. കരുത്തരായ ഇരുടീമുകളും അഞ്ച് തവണ വീതം ഐപിഎല്‍ കിരീടം ചൂടിയിട്ടുണ്ട്. 

പരുക്കിന്‍റെ പിടിയിലായ ചെന്നെ പേസ് ബൗളര്‍ മതീഷ പതിരണയ്ക്ക് ഇന്നത്തെ മത്സരവും നഷ്ടമായേക്കും. ഇന്നത്തെ മത്സരം കൂടി താരത്തിന് കളിക്കാന്‍ സാധിച്ചേക്കില്ലെന്നും അടുത്തമത്സരങ്ങളില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും ചൈന്നെ പരിശാലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് പറഞ്ഞു. 

മുംബൈയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ സൂര്യകുമാർ യാദവ് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. സൂര്യകുമാറിനെ കൂടാതെ, ഇഷാൻ കിഷൻ , രോഹിത് ശർമ്മ , ഹാർദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് മികവും മുംബൈയ്ക്ക് വിജയ പ്രതീക്ഷ നല്‍കുന്നുണ്ട്. ടിം ഡേവിഡ്, ഡെവാല്‍ഡ് ബ്രെവിസ് എന്നിവരും ഫോമിലായാല്‍ വെടിക്കെട്ട് ബാറ്റിങ് തന്നെ പ്രതീക്ഷിക്കാം.   അവസാന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ഉള്‍പ്പെടെ മികച്ച ബൗളിങ് നിരയും ടീമിനുണ്ട്. 

ദേശ്പാണ്ഡെയുടെയും രവീന്ദ്ര ജഡേജയുടെയും മികച്ച പ്രകടനത്തിലൂടെ കരുത്തുറ്റ ബൗളിംഗ് നിരയാണ് മുംബൈ വെടിക്കെട്ടിനെ നേരിടുന്നത്. പതിരണയുടെ അഭാവത്തിൽ പേസ് ബൗളിങ് നിരയില്‍  മുസ്താഫിസുർ റഹ്മാൻ്റെ പ്രകടനം നിര്‍ണായകമാണ്.  ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനും  രചിൻ രവീന്ദ്രയ്ക്കും മികച്ച തുടക്കം ലഭിച്ചാല്‍ ബാറ്റിങ്ങിലും ചെന്നൈ മിന്നും. 

വാങ്കഡെയില്‍ ഈ വര്‍ഷം നടന്ന 3 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമിനൊപ്പമായിരുന്നു വിജയം. സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറും കുറഞ്ഞ സ്കോറും മുംബൈ ഇന്ത്യന്‍സിന്‍റേതാണെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. ഡല്‍ഹിക്കെതിരെ നേടിയ 234ആണ് സ്റ്റേഡിയത്തിലെ ഉയര്‍ന്ന സകോര്‍. രാജസ്ഥാനെതിരെ ബാറ്റിങ് തകര്‍ച്ച നേരിട്ട് നേടിയ 125 ആണ് ചെറിയ ടോട്ടല്‍

IPL 2024 Chennai Super Kings vs Mumbai Indians