ലഖ്നൗവിന് തിരിച്ചടി; മായങ്ക് പരുക്കിന്റെ പിടിയില്‍; മത്സരങ്ങള്‍ നഷ്ടമാവും

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മല്‍സരത്തിന് മുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് തിരിച്ചടി. തങ്ങളുടെ സ്പീഡ് സെന്‍സേഷന്‍ മായങ്ക് യാദവിന് അടുത്ത മല്‍സരം നഷ്ടമാവും. പരുക്കിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ മായങ്കിനെ ഒരാഴ്ച നിരീക്ഷിക്കേണ്ടതുണ്ടെന്ന് ലഖ്നൗ സിഇഒ വ്യക്തമാക്കി. 

ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മല്‍സരത്തിന് ഇടയില്‍ ഒരോവര്‍ മാത്രം എറിഞ്ഞ് മായങ്ക് കളിക്കളം വിട്ടിരുന്നു. 'അടിവയറ്റില്‍ നേരിടുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ മായങ്കിന്റെ വര്‍ക്ക് ലോഡ് ക്രമീകരിക്കുകയാണ്. ഉടനെ തന്നെ ഗ്രൗണ്ടില്‍ വീണ്ടും കാണാനാവുമെന്ന് കരുതുന്നു, ലഖ്നൗ സിഇഒ വിനോദ് ബിഷ്ട് പറഞ്ഞു. 

ഇതോടെ ഏപ്രില്‍ 14ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ മല്‍സരവും മായങ്കിന് നഷ്ടമായേക്കും എന്നാണ് സൂചന. ഗുജറാത്തിന് എതിരെ കഴിഞ്ഞ കളിയില്‍ മായങ്കിന്റെ രണ്ട് ഡെലിവറികള്‍ മാത്രമാണ് 140 മുകളില്‍ വേഗതയില്‍ എത്തിയത്. മായങ്കിന്റെ പരുക്ക് പ്രശ്നമുള്ളതാണെന്ന് തോന്നുന്നില്ലെന്നാണ് നേരത്തെ സഹതാരം ക്രുനാല്‍ പാണ്ഡ്യ പ്രതികരിച്ചിരുന്നത്. 

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന് എതിരെ കളിച്ചായിരുന്നു മായങ്കിന്റെ അരങ്ങേറ്റം. തന്റെ ആദ്യ രണ്ട് കളിയില്‍ നിന്ന് തന്നെ മായങ്ക് ആറ് വിക്കറ്റ് പിഴുതു. പഞ്ചാബിന് എതിരെ 2024 ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി മായങ്ക് തന്റെ പേരിലാക്കി. പിന്നാലെ ആര്‍സിബിക്കെതിരായ മല്‍സരത്തില്‍ തന്റെ തന്നെ ആ റെക്കോര്‍ഡ് മായങ്ക് തിരുത്തി. 

Setback for lucknow super giants, mayank injured