mayank-yadav-2

മണിക്കൂറില്‍ 155.8 എന്ന വേഗത കണ്ടെത്തിയാണ് മായങ്ക് യാദവ് ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ശ്രദ്ധപിടിച്ചത്. ഐപിഎല്‍ 2024 സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി ധവാന് എതിരെ മായങ്ക് യാദവില്‍ നിന്ന് അന്ന് വന്നു. എന്നാല്‍ ദിവസങ്ങള്‍ മാത്രം പിന്നിടും മുന്‍പ് തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തുകയാണ് ഈ ഇരുപത്തിയൊന്നുകാരന്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ മായങ്കിന്റെ തീയുണ്ടകളില്‍ ഒന്ന് കടന്നുപോയത് മണിക്കൂറില്‍ 156.7 കിമീ എന്ന വേഗതയില്‍. 

രാജസ്ഥാന്‍ റോയല്‍സിന്റെ ബര്‍ഗര്‍ ഈ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറികളുടെ ലിസ്റ്റില്‍ രണ്ടാമതുണ്ട്, മണിക്കൂറില്‍ 153 കിമീ എന്നതാണ് വേഗം. 152.3 എന്ന വേഗവുമായി മുംബൈയുടെ കോറ്റ്സീ ആണ് മൂന്നാമത്. 151.2 എന്ന വേഗത തൊട്ട അല്‍സാരി ജോസഫ് ആണ് നാലാമത്. 150.9 എന്ന വേഗതയുമായി മതീശ പതിരാണ അഞ്ചാമതും.

ഗ്ലെന്‍ മാക്സ്​വെല്ലിനെ ഡക്കാക്കി മടക്കിയ മായങ്ക് കാമറൂണ്‍ ഗ്രീനിന്റേയും രജത്തിന്റേയും വിക്കറ്റുകള്‍ കൂടി അക്കൗണ്ടിലാക്കി. കാമറൂണ്‍ ഗ്രീനിനെ ക്ലീന്‍ ബൗള്‍ഡാക്കിയ മായങ്കിന്റെ ഡെലിവറി എത്തിയത് 156.7 എന്ന വേഗതയില്‍.

ഐപിഎല്ലിലെ തന്റെ ആദ്യ രണ്ട് മല്‍സരത്തിലും കളിയിലെ താരമാവുകയും ചെയ്യുകയാണ് മായങ്ക്. പഞ്ചാബിന് എതിരെ 27 റണ്‍സ് മാത്രം വഴങ്ങിയാണ് മായങ്ക് മൂന്ന് വിക്കറ്റ് പിഴുതത്. ബാംഗ്ലൂരിന്റെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ മായങ്ക് പിഴുതപ്പോള്‍ വഴങ്ങിയത് 14 റണ്‍സ് മാത്രം. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ലഖ്നൗ സ്വന്തമാക്കിയ താരമാണ് മായങ്ക്.

2022ലെ ഐപിഎല്‍ താര ലേലത്തിലും മായങ്കിനെ ലഖ്നൗ സ്വന്തമാക്കിയിരുന്നു. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായി. ട്വന്റി20 കരിയറില്‍ 10 മല്‍സരങ്ങളില്‍ നിന്ന് 12 വിക്കറ്റാണ് മായങ്ക് വീഴ്ത്തിയത്. ലിസ്റ്റ് എ കരിയറില്‍ 17 കളിയില്‍ നിന്ന് വീഴ്ത്തിയത് 34 വിക്കറ്റും. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമാണ് മായങ്ക്.