ഹാർദിക് വന്നപ്പോൾ കസേര ഒഴിഞ്ഞു; അവഗണിച്ച് മലിംഗ; വിഡിയോ

hardik-malinga-02
SHARE

ഹാര്‍ദികിനെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി നിയമിച്ചതുമുതല്‍ നിരവധി വിമര്‍ശനങ്ങളാണ് ടീമിന് നേരെ ഉയരുന്നത്. ഒരു വശത്ത് ആരാധകര്‍. മറുവശത്ത് ‌ടീമിനകത്തെ പ്രശ്നങ്ങള്‍. ഐപില്ലിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും ടീമിന് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു വിധി. ഇപ്പോള്‍ മുംബൈ ടീമിന്റെ പരീശീലക സംഘത്തിലുള്ള മുന്‍ ലങ്കന്‍ പേസര്‍ ലസിത് മലിംഗ ഹാര്‍ദിക് പാണ്ഡ്യയ്ക്കായി കസേര ഒഴിഞ്ഞു കൊടുക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. 

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഡഗ്ഔട്ടിലാണു സംഭവം നടന്നത്. ഹാർദിക് പാണ്ഡ്യയെ കണ്ട മുംബൈ ഇന്ത്യൻസ് പരിശീലകൻ കീറൺ പൊള്ളാർഡ് സീറ്റിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.  എന്നാൽ അതിനു മുൻപേ തന്നെ ലസിത് മലിംഗ എഴുന്നേറ്റു നടന്നുപോകുകയായിരുന്നു. ഇതോടെ പൊള്ളാര്‍ഡ് പാണ്ഡ്യയ്ക്കു സമീപത്തായി ഇരുന്നു. മലിംഗ  പാണ്ഡ്യയെ അവഗണിച്ചതാണെന്നും ടീമിലെ പ‌ടലപ്പിണക്കമാണെന്നുമാണ് ആരാധകപക്ഷം. 

മല്‍സരത്തിൽ 278 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയത്. മറുപടിയിൽ മുംബൈയുടെ ഇന്നിങ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ അവസാനിച്ചു. 31 റൺസിനാണ് ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയം. 34 പന്തിൽ 64 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറർ. 20 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 24 റൺസെടുത്താണു പുറത്തായത്. ബോളിങ്ങിലും മുംബൈ ക്യാപ്റ്റനു തിളങ്ങാൻ സാധിച്ചില്ല. നാല് ഓവറുകൾ പന്തെറിഞ്ഞ താരം 46 റൺസാണു വഴങ്ങിയത്. ആകെ ലഭിച്ചത് ഒരു വിക്കറ്റും. തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

Lasith Malinga ignores Hardik Pandya after SRH humiliate Mumbai Indians

MORE IN SPORTS
SHOW MORE