വെടിക്കെട്ട് ബാറ്റിങ്; ഐപിഎല്ലിലെ റെക്കോര്‍ഡ് സ്കോറുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്

sunrisers-hyderabad-win-270
SHARE

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്‍റെ 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഇനി പഴങ്കഥ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോറുമായി മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തെറിഞ്ഞ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. ഇതോടെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്‍റെ 11 വര്‍ഷം പഴക്കമുള്ള 263 റണ്‍സെന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 2013 ല്‍ പൂനെ വാരിയേഴ്‌സിനെതിരേയായിരുന്നു ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് 263 റണ്‍സ് നേടി റെക്കോര്‍ഡിട്ടത്.

31 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ജയം. ടോസ് നേടിയ മുംബൈ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഇരുപതോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു. സണ്‍റൈസേഴ്സിനായി മൂന്നുപേര്‍ അര്‍ധസെഞ്ചുറി നേടി. ഹെന്‍‍റിച്ച് ക്ലാസെന്‍  34 പന്തില്‍ പുറത്താകാതെ 80 റണ്‍സെടുത്തു. ഏഴ് സിക്സറുകളും നാല് ഫോറുകളുമടങ്ങിയതായിരുന്നു ക്ലാസെന്‍റെ ഇന്നിങ്സ്. ഓപ്പണര്‍ ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സെടുത്തും അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സുമെടുത്തും പുറത്തായി. മുംബൈ ബോളര്‍മാരില്‍ ജസ്പ്രീത് ബുംറ ഒഴികെ മറ്റെല്ലാവരുടേയും ഇക്കണോമി റേറ്റ് പത്തിന് മുകളിലായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി തിലക് വര്‍മ 64 റണ്‍സും ടിം ഡേവിഡ് 42 റണ്‍സുമെടുത്തു. 

Sunrisers Hyderabad records highest score in Indian Premier League

MORE IN SPORTS
SHOW MORE