‘എന്റെ പേര് എന്തിന് ഉപയോഗിക്കുന്നു എന്നറിയാം'; പീറ്റേഴ്സന്റെ ഒളിയമ്പിന് കോലിയുടെ മറുപടി

Photo: BCCI/IPL

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗ്രൗണ്ടില്‍. എന്നാല്‍ ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 21 റണ്‍സ് മാത്രം എടുത്ത് മടക്കം. ഫോമില്ലായ്മയിലാണോ എന്ന ആശങ്കയിലേക്ക് ആരാധകരെ തള്ളിയിട്ടാണ് വിരാട് കോലി ഐപിഎല്‍ സീസണിലെ തന്റെ ആദ്യ മല്‍സരം അവസാനിപ്പിച്ചത്. എന്നാല്‍ ആ ആശങ്കയ്ക്ക് ആയുസ് അധികം ഉണ്ടായില്ല. പഞ്ചാബ് കിങ്സിന് എതിരെ 49 പന്തില്‍ നിന്ന് അടിച്ചെടുത്തത് 77 റണ്‍സ്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കുള്ള കോലിയുടെ മറുപടി ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല.

ട്വന്റി20 ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും പ്രചാരത്തിനും കോലിയുടെ സാന്നിധ്യം വേണം എന്ന മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സന്‍ ഒളിയമ്പ് എയ്തിരുന്നു. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മല്‍സരത്തിന് ഇടയില്‍ കമന്ററി ബോക്സിലിരുന്നായിരുന്നു ഇത്. എന്നാല്‍ പീറ്റേഴ്സന്റെ ഈ ഒളിയമ്പിനെതിരെ രവി ശാസ്ത്രി പ്രതികരിച്ചിരുന്നു. കളി പ്രചരിപ്പിക്കാനല്ല, ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നാണ് രവി ശാസ്ത്രി മറുപടി നല്‍കിയത്. എന്നാല്‍ 2007 ട്വന്റി20 ലോകകപ്പ് ഇന്ത്യ ജയിച്ചത് യുവനിരയിലൂടെയാണെങ്കിലും ആ തീയാണ് വേണ്ടത് എന്നും രവി ശാസ്ത്രി പറഞ്ഞിരുന്നു.

പീറ്റേഴ്സണിന്റേയും രവി ശാസ്ത്രിയുടേയും കമന്ററി ബോക്സിലെ ചൂടേറിയ ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ കോലി മറുപടി നല്‍കുന്നത്. 'ലോകത്തിന്റെ പല ഭാഗങ്ങളിലായി ട്വന്റി20 ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന് വേണ്ടി മാത്രമായാണ് എന്റെ പേരിപ്പോള്‍ ബന്ധിപ്പിക്കുന്നത് എന്ന് എനിക്കറിയാം. എന്നാല്‍ എനിക്ക് ഇനിയും മികവ് കാണിക്കാനാവും', പീറ്റേഴ്സനും രവി ശാസ്ത്രിക്കും മറുപടിയായി കോലി പറഞ്ഞു. 

പഞ്ചാബ് കിങ്സിന് എതിരെ ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും കോലി മികച്ച സ്ട്രൈക്ക്റേറ്റ് നിലനിര്‍ത്തി കളിക്കുകയായിരുന്നു. 11 ഫോറും രണ്ട് സിക്സും താരത്തില്‍ നിന്ന് വന്നു. സീസണിലെ തന്റെ ആദ്യ അര്‍ധ ശതകത്തോടെ ഓറഞ്ച് ക്യാപ്പും കോലി സ്വന്തമാക്കി. വെള്ളിയാഴ്ച കൊല്‍ക്കത്തക്ക് എതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മല്‍സരം. 

Virat Kohli against critics after match against punjab kings