യഷ് ദയാലിനെ 'ചവറെന്ന്' വിളിച്ച് മുരളി കാര്‍ത്തിക്; തിരിച്ചടിച്ച് ആര്‍സിബി

yash-dayal
SHARE

ആര്‍സിബി താരം യഷ് ദയാലിനെതിരായ പരാമര്‍ശത്തില്‍ മുരളീ കാര്‍ത്തിക്കിന് എതിരെ വിമര്‍ശനം. ഒരു ടീമിന് ചവറായിരുന്ന താരം മറ്റൊരു ടീമിന്റെ നിധി എന്നാണ് യഷിന്റെ ബൗളിങ് പ്രകടനത്തെ ചൂണ്ടി കാര്‍ത്തിക് കമന്ററി ബോക്സിലിരുന്ന് പറഞ്ഞത്. എന്നാല്‍ കാര്‍ത്തിക്കിന്റെ പരാമര്‍ശം ആരാധകരെ പ്രകോപിപ്പിച്ചു. കാര്‍ത്തിക്കിന് മറുപടിയുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും എത്തി. 

പഞ്ചാബ് കിങ്സിന് എതിരെ പവര്‍പ്ലേയില്‍ തന്റെ രണ്ട് ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി യഷ് 2 വിക്കറ്റ് വീഴ്ത്തി. ഈ സമയമാണ് മുരളീ കാര്‍ത്തിക്കിന്റെ പരാമര്‍ശം വന്നത്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളിച്ച യഷിന്റേത് മോശം സീസണായിരുന്നു. കൊല്‍ക്കത്തയുടെ റിങ്കു സിങ് തുടരെ അഞ്ച് സിക്സ് പറത്തിയത് യഷിനെതിരെ ആയിരുന്നു. 

റിങ്കു സിങ്ങിന്റെ പ്രഹരത്തിന് ഇരയായതിന് പിന്നാലെ പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്താന്‍ യഷിന് സാധിച്ചിരുന്നില്ല. പിന്നാലെ താര ലേലത്തിന് മുന്‍പായി യഷിനെ ഗുജറാത്ത് റിലീസ് ചെയ്തു. ലേലത്തില്‍ യഷിനെ ആര്‍സിബി സ്വന്തമാക്കി. ഗുജറാത്തിലെ മോശം സീസണും ആര്‍സിബിയില്‍ എത്തിയപ്പോള്‍ തിളങ്ങുന്നതും ചൂണ്ടിയാണ്, ഒരാളുടെ ചവര്‍ മറ്റൊരാളുടെ നിധി എന്ന് മുരളീ കാര്‍ത്തിക് പറഞ്ഞത്. 

അവനൊരു നിധിയാണ് എന്നാണ് യഷിന്റെ ഫോട്ടോ പങ്കുവെച്ച് ആര്‍സിബി ട്വീറ്റ് ചെയ്തത്. യഷിനെ ചവര്‍ എന്ന് വിളിച്ച മുരളീ കാര്‍ത്തിക്കിന്റെ ട്വന്റി20 കരിയര്‍ എങ്ങനെയായിരുന്നു എന്ന ചോദ്യവും ആരാധകരില്‍ നിന്ന് വരുന്നുണ്ട്. 

MORE IN SPORTS
SHOW MORE