'പന്തിനെ അറിയാമോ? കാണാത്തത് കൊണ്ടാണ്'; ഇംഗ്ലീഷ് താരത്തിന്‍റെ വായടപ്പിച്ച് രോഹിത്

ടെസ്റ്റ് പരമ്പരയിലെ യശ്വസിയുടെ തകര്‍പ്പന്‍ പ്രകടനത്തെ ഇകഴ്ത്തി ക്രെഡിറ്റെടുക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് താരത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ധരംശാല ടെസ്റ്റിന് മുന്‍പായി നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ബെന്‍ ഡക്കറ്റിന്‍റെ കമന്‍റ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രോഹിതിന്‍റെ സൂപ്പര്‍ സിക്സര്‍. 'ഞങ്ങളുടെ ടീമില്‍ റിഷഭ് പന്തെന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. ബെന്‍ ഡക്കറ്റ് അയാള്‍ കളിക്കുന്നത് കണ്ട് കാണാന്‍ വഴിയില്ല. കണ്ടിരുന്നുവെങ്കില്‍ ഇത്തരം അഭിപ്രായ പ്രകടനത്തിന് മുതിരില്ലായിരുന്നു'വെന്നായിരുന്നു ഇംഗ്ലണ്ട് ടീമിനപ്പാടെയുള്ള മറുപടിയായി രോഹിത് പറഞ്ഞത്. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 94.57 ശരാശരിയില്‍ 655 റണ്‍സാണ് യശ്വസി അടിച്ചു കൂട്ടിയത്. ഭയം ലേശമില്ലാതെ പന്തുകള്‍ ബൗണ്ടറി കടത്തുന്ന യശ്വസിയെ കണ്ടപ്പോഴാണ് ഈ ആക്രമണോല്‍സുകതയുടെ എല്ലാ ക്രെഡിറ്റും ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലിക്കുള്ളതാണെന്ന് ഡക്കറ്റ് പ്രതികരിച്ചത്.  എതിര്‍ ടീമും നമ്മുടെ ശൈലിയില്‍ തന്നെ ബാറ്റ് വീശുന്നത് കാണുമ്പോള്‍, നേട്ടമുണ്ടാക്കുമ്പോള്‍ അതിന്‍റെ ക്രെഡിറ്റെടുക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു ഡക്കറ്റിന്‍റെ വാക്കുകള്‍. 

 ഇതിനാണ് രോഹിത് കൃത്യമായ മറുപടി നല്‍കിയത്. ഡക്കറ്റിന്‍റെ ഈ അനാവശ്യ ക്രെഡിറ്റെടുക്കലിനെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ നാസര്‍ ഹുസൈന്‍ തന്നെ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 'യശ്വസി നിങ്ങളില്‍ നിന്നല്ല പഠിച്ചത്. അയാള്‍ കടന്നുവന്ന പാത അങ്ങനെയായിരുന്നു. ഇവിടെ എത്തിയതും അതേ ശൈലിയിലാണ്. യശ്വസിയെ കണ്ട് അയാളില്‍ നിന്നും പഠിക്കുന്നത് നന്നാവും. നിങ്ങളൊക്കെ ആത്മ പരിശോധന നടത്തിയാലും തരക്കേടില്ല' എന്നായിരുന്നു നാസര്‍ ഹുസൈന്‍ എക്സില്‍ കുറിച്ചത്. 

മക്കല്ലം (ഫയല്‍)

ഇംഗ്ലീഷ് കോച്ചായ ബ്രണ്ടന്‍ മക്കല്ലത്തില്‍ നിന്നാണ് 'ബാസ് ബോള്‍' ശൈലി ശ്രദ്ധേയമായത്.  അടിച്ച്  തകര്‍ത്തു കളിച്ചിരുന്ന മക്കല്ലം, ഇംഗ്ലണ്ടിന്‍റെ കോച്ചായപ്പോഴും ആ ശൈലി വിട്ടില്ല. എന്ത് സംഭവിച്ചാലും ആക്രമിച്ച് കളിക്കാന്‍ ഇംഗ്ലണ്ടിനെ മക്കല്ലം ശീലിപ്പിച്ചു. അതിന്‍റെ ഫലം പ്രകടമാകുകയും ചെയ്തു. ഇതോടെയാണ് മക്കല്ലത്തിന്‍റെ ബാസെന്ന വിളിപ്പേരില്‍ ഇംഗ്ലണ്ട് ടീം 'ബാസ്ബോളിലേ'ക്ക് എത്തിയത്. 

There's a guy named Rishabh Pant": Rohit Sharma silences Ben Duckett; video