PTI02_03_2024_000184B

യശസ്വി ജയ്സ്വാളിന്റെ ഇരട്ടസെഞ്ചറി. ജസ്പ്രീത് ബുംറയുടെ ആറുവിക്കറ്റ് നേട്ടം. വിശാഖപട്ടണം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ജയ്സ്വാളിന്റെ കന്നി ഡബിളിന്റെ കരുത്തില്‍ ഒന്നാമിന്നിങ്സില്‍ ഇന്ത്യ 396 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 253 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ജസ്പ്രീത് ബുംറയുടെ തീപാറുന്ന ബോളിങ്ങിനുമുന്നില്‍ ഇംഗ്ലീഷ് മധ്യനിര തകര്‍ന്നടിഞ്ഞു. 76 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയും 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും മാത്രമേ പിടിച്ചുനിന്നുള്ളു. 15.5 ഓവറില്‍ വെറും 45 റണ്‍സ് വഴങ്ങിയാണ് ബുംറ ആറുവിക്കറ്റ് നേടിയത്. കുല്‍ദീപ് യാദവ് 71 റണ്‍സിന് മൂന്നുവിക്കറ്റെടുത്തു. ക്രോളിയെ അക്സര്‍ പട്ടേല്‍ വീഴ്ത്തി.

CRICKET-IND-ENG-TEST

 

ആറുവിക്കറ്റിന് 336 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ കരിയറിലെ ആദ്യ ഇരട്ടശതകം നേടി യശസ്വി ജയ്സ്വാളാണ് മികച്ച സ്കോറിലെത്തിച്ചത്. ആദ്യദിനം 179 റണ്‍സെടുത്ത ജയ്സ്വാള്‍ അതേ ഫോം രണ്ടാംദിനവും തുടര്‍ന്നു. 290 പന്തില്‍ 209 റണ്‍സ് നേടിയ താരം ജിമ്മി ആന്‍ഡേഴ്സന്റെ പന്തില്‍ ജോണി ബെയര്‍സ്റ്റോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യ 383 റണ്‍സിലെത്തിയിരുന്നു. യശസ്വിക്ക് പുറമേ 34 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലും 32 റണ്‍സെടുത്ത രജത് പടിദാറും മാത്രമേ പിടിച്ചുനിന്നുള്ളു. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടമാകാതെ 28 റണ്‍സെടുത്തിട്ടുണ്ട്. 15 റണ്‍സോടെ യശസ്വിയും 13 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍.

Jaiswal 209, Bumrah 6/45 put India on top in Visakhapatnam cricket test against England