വെള്ളമെന്ന് കരുതി ദ്രാവകം കുടിച്ചു; മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍

mayanl-agarwal
SHARE

വിമാന യാത്രക്കിടയില്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനയാത്രയില്‍ വെച്ച് മുന്‍പില്‍ ഒരു പൗച്ച് കാണുകയും വെള്ളമെന്ന് കരുതി മായങ്ക് അത് കുടിക്കുകയുമായിരുന്നെന്ന് ത്രിപുര ആരോഗ്യ സെക്രട്ടറി കിരണ്‍ ഗിറ്റെ പറഞ്ഞു. മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വായില്‍ പൊള്ളല്‍ അനുഭവപ്പെടുകയും ഛര്‍ദിയും ഉണ്ടായതോടെ മായങ്കിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രിയിലെ ഐസിയുവിലാണ് മായങ്ക് ചികിത്സയില്‍ കഴിയുന്നത്. കര്‍ണാടക ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മായങ്ക് സഹതാരങ്ങള്‍ക്കൊപ്പം രഞ്ജി ട്രോഫി മല്‍സരത്തിനായി അഗര്‍ത്തലയില്‍ നിന്ന് ന്യൂഡല്‍ഹി വഴി സൂറത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഇന്‍ഡിഗോയുടെ 6ഇ 5177 വിമാനത്തിലായിരുന്നു യാത്ര. 

മായങ്ക് അഗര്‍വാളിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്ടര്‍മാരില്‍ നിന്ന് അനുവാദം ലഭിക്കുന്നതോടെ മായങ്ക് ബംഗളൂരുവിലേക്ക് യാത്ര തിരിക്കും. റെയില്‍വേസിനെതിരായ കര്‍ണാകടയുടെ രഞ്ജി മല്‍സരത്തില്‍ മായങ്ക് കളിക്കില്ലെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Cricketer Mayank Agarwal hospitalised 

MORE IN SPORTS
SHOW MORE