വിമാനത്തില്‍ വെച്ച് ദ്രാവകം കുടിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതകള്‍ നേരിട്ട ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി മായങ്ക്. തന്റെ മാനേജര്‍ മുഖേനയാണ് മായങ്ക് പരാതി നല്‍കിയത്.
വിമാനത്തിലിരിക്കുമ്പോള്‍ മുന്‍പിലുണ്ടായിരുന്ന പൗച്ചില്‍ നിന്ന് ദ്രാവകം കുടിക്കുകയായിരുന്നു എന്നാണ് മായങ്കിന്റെ മാനേജര്‍ അറിയിച്ചതെന്ന് പൊലീസ് പറയുന്നു. ദ്രാവകം കുടിച്ചതിന് പിന്നാലെ വായില്‍ അസ്വസ്ഥത അനുഭവപ്പെട്ടു. സംസാരിക്കാന്‍ കഴിയാതെയായി. ഉടനെ ഐഎല്‍എസ് ആശുപത്രിയില്‍ എത്തിച്ചു. മായങ്കിന്റെ പരാതി ലഭിച്ചതായും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ന്യൂ കാപിറ്റല്‍ കോംപ്ലക്സ് പൊലീസ് സ്റ്റേഷനിലാണ് മായങ്കിന്റെ മാനേജര്‍ പരാതി നല്‍കിയത്.
കര്‍ണാടക ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മായങ്ക് സഹതാരങ്ങള്‍ക്കൊപ്പം രഞ്ജി ട്രോഫി മല്‍സരത്തിനായി അഗര്‍ത്തലയില്‍ നിന്ന് ന്യൂഡല്‍ഹി വഴി സൂറത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഇന്‍ഡിഗോയുടെ 6ഇ 5177 വിമാനത്തിലായിരുന്നു യാത്ര. മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു എന്ന് ഇന്‍ഡിഗോയുടെ പ്രസ്താവനയില്‍ പറയുന്നു.
മായങ്ക് അഗര്‍വാളിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മായങ്കിന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നുമാണ് ആശുപത്രി വ്യക്തമാക്കിയത്. സര്‍വീസസിന് എതിരായ കര്‍ണാടകയുടെ രഞ്ജി ട്രോഫി മല്‍സരം മായങ്കിന് നഷ്ടമാവും.
Mayank Agarwal filed police complaint