
ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരുമോ, അതോ പുതിയ പരിശീലകന്‍ എത്തുമോയെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം. വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, വീരേന്ദര്‍ സേവാഗ് എന്നിവരില്‍ ആരെങ്കിലും ആകും ദ്രാവിഡിന് പിന്‍ഗാമി.
പരിശീലകനായി രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ഏകദിന ലോകകപ്പ് ക്രിക്കറ്റ് വരെയായിരുന്നു. ലോകകപ്പ് മാത്രമായിരുന്നു മുന്നിലെന്നും ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ദ്രാവിഡ് പറയുന്നു. ദ്രാവിഡ് കരാര്‍ പുതുക്കി നല്‍കുമോ എന്നതില്‍ ബിസിസിഐയും മനസ് തുറന്നിട്ടില്ല. കരാര്‍ പുതുക്കിയില്ലെങ്കില്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എഞ്ചിനായി ദീര്‍ഘകാലം സേവനം ചെയ്ത രണ്ട് എഞ്ചിനയറിങ് ബിരുദധാരികളാണ് പ്രധാനമായും രംഗത്തുള്ളത്. വി.വി.എസ്.ലക്ഷ്മണും അനില്‍ കുംബ്ലെയും. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ലക്ഷ്മണ്‍ ആണ് പരിശീലിപ്പിക്കുന്നത്. സണ്‍റൈസേഴ്സ് ടീമിന്റെ മെന്ററായിരുന്ന ലക്ഷ്മണ്‍, വിവിധ പരമ്പരകളിലും ടീമിന്റെ പരിശീലകനായിട്ടുണ്ട്. ടീം ഇന്ത്യയെ മുമ്പ് പരിശീലിപ്പിച്ച് പരിചയമുള്ള അനില്‍ കുംബ്ലെയ്ക്ക് മറ്റുമുഖവുരകളുടെ ആവശ്യമില്ല. ടെസ്റ്റ് പരമ്പരകളും ചാംപ്യന്‍സ് ട്രോഫി ഫൈനലും കുംബ്ലയുടെ പരിശീലനകാല മികവുകളാണ്. മൂന്നാമതായി പരിഗണിക്കുന്നത് വീരേന്ദര്‍ സേവാഗിനെയാണ്. എന്നാല്‍ സേവാഗിന് പരിശീലന രംഗത്ത് പരിചയമില്ലെന്നത് തിരിച്ചടിയായേക്കും.
Will Rahul Dravid continue as the head coach?