
ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ തുടരെ അഞ്ച് സിക്സ് പറത്തിയ നിമിഷമാവും റിങ്കു സിങ് എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മുന്‍പിലേക്ക് എത്തുക. അന്ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തിച്ചത് പോലൊരു പ്രകടനം ആവര്‍ത്തിക്കുകയാണ് റിങ്കു ഇപ്പോള്‍. സൂപ്പര്‍ ഓവറില്‍ 17 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ മൂന്ന് സിക്സുകളാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് വന്നത്.
യുപി ട്വന്റി20 ലീഗിലാണ് റിങ്കു വീണ്ടും താരമായത്. മീററ്റ് മാവ്റിക്ക്സ് താരമാണ് റിങ്കു. കാശി രുദ്രാസിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ 17 റണ്‍സാണ് മീററ്റിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇടംകയ്യന്‍ സ്പിന്നര്‍ ശിവ സിങ്ങിനെതിരെ ഹാട്രിക് സിക്സ് പറത്തി റിങ്കു ടീമിനെ ജയത്തിലേക്ക് എത്തിച്ചു.