9124 കോടിയുടെ ഓഫറും നിരസിച്ച് എംബാപ്പെ; റയൽ മാഡ്രിഡിലേക്ക്?

പിഎസ്ജി മുൻപിൽ വെച്ച 9124 കോടി രൂപയുടെ കരാർ വേണ്ടെന്ന് വെച്ച് എംബാപ്പെ റയൽ മാഡ്രിഡിലേക്കെന്ന് റിപ്പോർട്ടുകൾ. 9124 കോടി രൂപയുടെ 10 വർഷത്തെ കരാറാണ് എംബാപ്പെയ്ക്ക് മുൻപിൽ പിഎസ്ജി വെച്ചിരുന്നത്. എന്നാൽ എംബാപ്പെ ഇത് നിരസിച്ചതിന് പിന്നാലെ ജപ്പാനിലെ പിഎസ്ജിയുടെ പ്രീസീസൺ ടൂറിൽ എംബാപ്പെയുടെ പേര് പിഎസ്ജി ഉൾപ്പെടുത്തിയില്ല. 

2021-22 സീസണിൽ റയലിലേക്ക് എംബാപ്പെ എത്തുന്നതിന്റെ അടുത്തെത്തിയിരുന്നു. എന്നാലന്ന് എംബാപ്പെയെ പിടിച്ചുനിർത്താൻ പാകത്തിൽ ഓഫർ മുൻപോട്ട് വെക്കാൻ പിഎസ്ജിക്ക് കഴിഞ്ഞു. പക്ഷേ ഇത്തവണ പിഎസ്ജി മുൻപിൽ വെച്ച വമ്പൻ ഓഫർ വേണ്ടെന്ന് വെച്ച് എംബാപ്പെ ബെർണാബ്യുവിലേക്ക് എത്താനുള്ള സാധ്യതകളാണ് ഉയരുന്നത്. അടുത്ത സമ്മർ വിൻഡോ വരെയാണ് പിഎസ്ജിയുമായി എംബാപ്പെയ്ക്ക് കരാറുള്ളത്. ഇപ്പോൾ കരാർ പുതുക്കാൻ തയ്യാറല്ലെങ്കിൽ ഇപ്പോഴത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ക്ലബ് വിടണം എന്ന നിലപാടാണ് എംബാപ്പെയ്ക്ക് മുൻപിൽ പിഎസ്ജി സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

റയലിനെ കൂടാതെ അൽ ഹിലാൽ, ടോട്ടനം, മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി എന്നീ ക്ലബുകളാണ് എംബാപ്പെയ്ക്ക് വേണ്ടി ട്രാൻസ്ഫർ വിൻഡോയിൽ ഇറങ്ങിയിരിക്കുന്നത്. അൽഹിലാൽ 400 മില്യൺ യൂറോയുടെ ഓഫർ മുൻപോട്ട് വെച്ചതായാണ് റിപ്പോർട്ടുകൾ. 2024ൽ റയലിലേക്ക് പോകാം എന്ന ഓപ്ഷനും അൽ ഹിലാൽ എംബാപ്പെയ്ക്ക് മുൻപിൽ വെച്ചതായും റിപ്പോർട്ടുകളുണ്ട്.