ചാംപ്യന്‍സ് ലീഗ് കിരീടപ്പോരാട്ടത്തില്‍ ഇന്‍റര്‍ മിലാനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി

ചാംപ്യന്‍സ് ലീഗ് കിരീടപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഇന്‍റര്‍ മിലാനെതിരെ. രാത്രി 12.30നാണ് ഫൈനല്‍. ക്വാര്‍ട്ടറില്‍ ബയണ്‍ മ്യൂണിക്കിനെയും സെമിയില്‍ റയല്‍ മഡ്രിഡിനെയും തകര്‍ത്തെറിഞ്ഞ് ഫൈനലിലെത്തിയ സിറ്റിക്കാണ് കീരീടസാധ്യത. 

യൂറോപ്പില്‍ പരമാധികാരം ഉറപ്പിക്കാന്‍ മാ‍ഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗ്കിരീടം നേടിയേ തീരു. 15 വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി മാറിയെങ്കിലും ചാംപ്യന്‍സ് ലീഗില്‍ അടിതെറ്റുന്നതാണ് ചരിത്രം. ഇക്കുറി പ്രീമിയര്‍ ലീഗും എഫ്എ കപ്പും നേടിയാണ് വരവ്. ഇസ്താംബുള്ളില്‍ സിറ്റിയെ കാത്തിരിക്കുന്നത് ട്രിപ്പിള്‍ കിരീടനേട്ടം. തോല്‍വിയറിയാതെ ഫൈനലിലെത്തിയ സിറ്റി ഏഴുമല്‍സരങ്ങള്‍ വിജയിച്ചപ്പോള്‍ അഞ്ചുസമനിലകള്‍ വഴങ്ങി. ഫോമിലുള്ള മധ്യനിരത്താരം ഗുണ്ടോവനായിരിക്കും ഫൈനലില്‍  തുറുപ്പുചീട്ട്. താരപ്പെരുമയിലും പണക്കൊഴുപ്പിലും സിറ്റിക്കടുത്തെങ്ങും വരില്ല ഇന്റര്‍.  13 വര്‍ഷത്തിന് ശേഷമാണ് ഇറ്റാലിയന്‍ വമ്പന്‍മാര്‍ ഫൈനലിന് യോഗ്യത നേടുന്നത്. ആദ്യമായാണ് സിറ്റിയും ഇന്ററും നേര്‍ക്കുനേര്‍ വരുന്നത്. 18 വര്‍ഷം മുമ്പ് എ.സി.മിലാനെ വീഴ്ത്തി ലിവര്‍പൂള്‍ കിരീടമുയര്‍ത്തിയ ഇസ്താംബുള്ളിലെ ആറ്ററ്റര്‍ക്ക് സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

Manchester City vs Inter Milan