മെസിയുടെ വരവ് മുതലാക്കി മയാമി; ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

മെസിവരുന്നുവെന്ന വാര്‍ത്തയോടെ  ഇന്റര്‍ മയാമിയുടെ മല്‍സരത്തിനുള്ള ടിക്കറ്റ് നിരക്ക് നിമിഷങ്ങള്‍ക്കുള്ളിലാണ് കുതിച്ചുയര്‍ന്നത്. 2018ല്‍ രൂപീകരിച്ച ക്ലബ് നിലവില്‍ പോയിന്റ് നിലയില്‍ അവസാന സ്ഥാനത്താണ്. ആറുദിവസം  മുമ്പാണ് പരിശീലകനെ മോശം പ്രകടനത്തിന്റെ പേരില്‍ പുറത്താക്കിയത്

സൗദിയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് ഫുട്ബോളിലെ മാന്ത്രികനെത്തുന്നത് മാജിക് സിറ്റിയെന്ന് വിളിപ്പേരുള്ള മയാമിയിലേയ്ക്ക്. ഈസ്റ്റേന്‍ കോണ്‍ഫറന്‍സ്, വെസ്റ്റേന്‍ കോണ്‍ഫറന്‍സ്  എന്ന് തരംതിരിച്ചാണ് മേജര്‍ ലീഗ് സോക്കര്‍ മല്‍സരങ്ങള്‍. 15 ടീമുകളുള്ള ഈസ്റ്റേന്‍ കോണ്‍ഫറന്‍സില്‍ അവസാന സ്ഥാനത്താണ് ഇന്റര്‍മയാമി. 16 മല്‍സരങ്ങളില്‍ 11ലും തോറ്റതോടെ കഴിഞ്ഞദിവസമാണ് പരിശീലകന്‍ ഫില്‍ നെവില്ലെയെ ടീം പുറത്താക്കിയത്. തരംതാഴ്ത്തലോ സ്ഥാനക്കയറ്റമോ ഒന്നുമില്ലാത്ത അമേരിക്കന്‍ ലീഗില്‍ മല്‍സരിക്കുന്നത് 29 ക്ലബുകള്‍.  പോയിന്റ്  നിലയിലെ ഒന്നാം സ്ഥാനക്കാര്‍ കിരീടമുറപ്പിക്കും.  ഇരു  കോണ്‍ഫറന്‍സിലെയും ആദ്യ ഒന്‍പത് സ്ഥാനക്കാര്‍ മല്‍സരിക്കുന്ന പ്ലേ  ഓഫില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് MLS കപ്പ്. ഓഗസ്റ്റ് 26ന് നടക്കുന്ന മയാമി – ന്യൂയോര്‍ക്ക് റെഡ് ബുള്‍സ് മല്‍സരത്തിനുള്ള ടിക്കറ്റ് നിരക്കാണ് 25 ഡോളറില്‍ നിന്ന് 400 ഡോളറായി വര്‍ധിച്ചത്. ന്യൂയോര്‍ക്കിനെതിരായ മല്‍സരത്തില്‍ മെസി മയാമി നിരയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഫെബ്രുവരിയില്‍  തുടങ്ങുന്ന അമേരിക്കയിലെ കാല്‍പന്തുസീസണ്‍ ഒക്ടോബറിലാണ് അവസാനിക്കുക.