രോഹിത് ശർമയ്ക്കു പരുക്ക്; പരിശീലനം നിർത്തി മടങ്ങി; ഇന്ത്യയ്ക്കു തിരിച്ചടി

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ബുധനാഴ്ച തുടക്കമാകുമ്പോൾ ഇന്ത്യയ്ക്കു തിരിച്ചടിയായി ക്യാപ്റ്റൻ രോഹിത് ശർമയുടെ പരുക്ക്. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ രോഹിത് ശർമയുടെ വിരലിനു പരുക്കേറ്റതായാണു വിവരം. ഡോക്ടർമാർ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിന് എത്തിയെങ്കിലും, പരിശീലനം തുടരാതെ മടങ്ങിപ്പോകുകയായിരുന്നു. 

രോഹിത് ശർമയുടെ ഇടത് കൈയിലെ വിരലിനാണു പരുക്കേറ്റത്. വലത് കയ്യിലും പരുക്കുള്ള രോഹിത് ശര്‍മ ബാൻഡേജ് ധരിച്ചാണു പരിശീലനം നടത്തിയിരുന്നത്. എങ്കിലും നിർണായകമായ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ കളിച്ചേക്കുമെന്നാണ് ആരാധക പ്രതീക്ഷ. യുവതാരം ശുഭ്മൻ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമയാണ്.

മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ‘‘ഓവലിലെ പിച്ചും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ താരങ്ങളും മത്സരത്തിനായി തയാറായിരിക്കണം. ആരൊക്കെ കളിക്കുമെന്ന കാര്യം ബുധനാഴ്ചയാണു തീരുമാനിക്കുക.’’– രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ജൂൺ ഏഴു മുതൽ 11 വരെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം ആരംഭിക്കുക. മഴ മൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കിൽ റിസർവ് ദിവസമായി 12–ാം തീയതി ഉപയോഗിക്കും. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.