
സ്പാനിഷ് ലീഗില്‍ വംശിയ അധിക്ഷേപം നേരിട്ടതിനെതിരെ പ്രതികരിച്ച് എത്തിയ റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയറിന് വലിയ പിന്തുണയാണ് ഫുട്ബോള്‍ ലോകത്ത് നിന്നും ലഭിക്കുന്നത്. വംശിയ വിദ്വേഷങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നീ തനിച്ചല്ല എന്ന് പറഞ്ഞ് വിനിഷ്യസിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ബ്രസീല്‍ ജനതയും. വിനിഷ്യസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബ്രസീലിലെ വിഖ്യാതമായ ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം ഒരു മണിക്കൂര്‍ അണച്ചു.
ഞായറാഴ്ച നടന്ന സ്പാനിഷ് ലീഗ് മത്സരത്തിലാണ് റയലിന്റെ ബ്രസീലിയന്‍ താരത്തിന് നേര്‍ക്ക് വംശിയ അധിക്ഷേപം ഉണ്ടായത്. മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും റാണാള്‍ഡിഞ്ഞോയുടേയുമെല്ലാം പേരില്‍ അറിയപ്പെടുന്ന ലീഗ് ഇപ്പോള്‍ വംശവെറിയന്മാരുടേതാണ് എന്നാണ് വിനിഷ്യസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സ്പാനിഷുകാര്‍ക്ക് ഞാന്‍ ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടായേക്കും. എന്നാല്‍ ബ്രസീലില്‍ സ്പെയ്ന്‍ എന്നാല്‍ വംശീയ വെറിയന്മാരുടെ രാഷ്ട്രം എന്ന പേരിലാണ് അറിയപ്പെടുന്നത് എന്നും വിനിഷ്യസ് പറയുന്നു...
അതിനിടയില്‍ വിനിഷ്യസിന് നേരെയുണ്ടായ വംശിയ അധിക്ഷേപത്തില്‍ ബ്രസീല്‍ സ്പാനിഷ് അംബാസിഡറെ പ്രതിഷേധം അറിയിച്ചു. സ്പാനിഷ് അറ്റോര്‍ണി ജനറലിന് റയല്‍ മാഡ്രിഡും പരാതി നല്‍കിയിട്ടുണ്ട്. വിനിഷ്യസിന് പിന്തുണയുമായി ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയും ബാഴ്സ പരിശീലകന്‍ ചാവിയുമെല്ലാം രംഗത്തെത്തി.