സിക്സടിച്ച് കോലിയുടെ സെഞ്ചറി; ഗെയ്‌ലിന്റെ റെക്കോര്‍ഡിനൊപ്പം; മുംബൈയെ താഴെയിറക്കി ആര്‍സിബി

virat kohli
SHARE

172 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുമായി കോലിയും നായകന്‍ ഫാഫ് ഡുപ്ലെസിസും നിറഞ്ഞപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് പ്ലേഓഫിനോട് അടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. സിക്സടിച്ച് കോലി തന്റെ സ്കോര്‍ മൂന്നക്കം കടത്തിയതോടെ ജയം ആരാധകര്‍ക്ക് കൂടുതല്‍ മധുരമുള്ളതായി. കോലിയുടെ ഐപിഎല്ലിലെ ആറാം ശതകമാണ് ഇത്.

ഐപിഎല്‍ സെഞ്ചറികളില്‍ മുന്‍ ബാംഗ്ലൂര്‍ താരം ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡിനൊപ്പവും കോലി എത്തി. 12 ഫോറും നാല് സിക്സും ഉള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്സ്. 108 പന്തില്‍ നിന്നാണ് കോലിയും ഡുപ്ലെസിസും ചേര്‍ന്ന് 172 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്. ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. 47 പന്തില്‍ നിന്ന് 71 റണ്‍സോടെ ഡുപ്ലെസിസ് കോലിക്ക് ഒപ്പം നിന്നു. ഒടുവില്‍ സെഞ്ചുറി തൊട്ടതിന് പിന്നാലെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്പ്സിന് ക്യാച്ച് നല്‍കി കോലി മടങ്ങി. ഡുപ്ലെസിസിനെ നടരാജന്‍ രാഹുല്‍ ത്രിപാഠിയുടെ കൈകളിലെത്തിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിനെ ക്ലാസന്റെ സെഞ്ചുറിയാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ഒരോവറില്‍ തന്നെ ഹൈദരാബാദ് ഓപ്പണര്‍മാരെ മടക്കി ബ്രേസ്‌വെല്‍ പ്രഹരിച്ചിടത്ത് നിന്നാണ് ക്ലാസന്‍ ടീമിനെ തിരികെ കയറ്റിയത്. എന്നാല്‍ പ്ലേഓഫ് ലക്ഷ്യമിട്ടുള്ള ബാംഗ്ലൂരിന്റെ പോക്കില്‍ ക്ലാസന്റെ സെഞ്ചുറിയും പാഴായി. ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി ബാംഗ്ലൂര്‍ നാലാം സ്ഥാനത്തേക്ക് എത്തി. ഇരുവര്‍ക്കും 14 പോയിന്റ് വീതമാണെങ്കിലും നെറ്റ്റണ്‍റേറ്റില്‍ ബാംഗ്ലൂരിന് നേരിയ മുന്‍തൂക്കമുണ്ട്. 

MORE IN SPORTS
SHOW MORE