
മെസിയുടെ ട്രാന്‍സ്ഫറിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്. സൗദി ക്ലബ് അല്‍ ഹിലാല്‍ വമ്പന്‍ തുകയ്ക്ക് മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങി കഴിഞ്ഞു എന്ന റിപ്പോര്‍ട്ട് ഫുട്ബോള്‍ ലോകത്ത് വലിയ അലയൊലിയാണ് സൃഷ്ടിച്ചത്. എന്നാല്‍ ലാ ലീഗ കിരീടത്തില്‍ ബാര്‍സിലോണ മുത്തമിടുക കൂടി ചെയ്തതോടെ മെസി നൗകാമ്പിലേക്ക് തിരികെയെത്തും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തമാവുന്ന്.
മെസിയെ തിരികെ ബാര്‍സയിലേക്ക് എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ക്ലബ് പ്രസിഡന്റ് ലപ്പോര്‍ട്ട കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലാ ലീഗ കിരീടത്തില്‍ മുത്തമിട്ടതിന്റെ ബാര്‍സയുടെ ആഘോഷങ്ങള്‍ക്കൊപ്പം വിഡിയോ കോളിലൂടെ മെസിയും ഭാഗമായിരുന്നു. മെസിയെ തിരികെ നൗകാമ്പിലേക്ക് എത്തിക്കാന്‍ സൗദി ക്ലബുമായി മത്സരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് ബാര്‍സ വ്യക്തമാക്കുന്നത്.
പിഎസ്ജിയുമായി കരാര്‍ പുതുക്കാതെ നില്‍ക്കുന്ന മെസി ബാര്‍സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കൂടിയിരിക്കുന്നതായാണ് അര്‍ജന്‍റൈന്‍ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റാന്‍ എഡ്യൂള്‍ പറയുന്നത്. അതിനിടയില്‍ മെസിയുടെ പകരക്കാരനായി പിഎസ്ജി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗല്‍ താരത്തെ ലക്ഷ്യമിടുന്നതായും സൂചനയുണ്ട്.