'ഇന്ത്യ ഏത് നരകത്തിലേക്കെങ്കിലും പോകട്ടെ'; തുറന്നടിച്ച് ജാവേദ് മിയാൻദാദ്

ഏഷ്യാ കപ്പ് വേദി പാകിസ്ഥാനിൽ നിന്ന് മാറ്റിയില്ലെങ്കിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന ബിസിസിഐ നിലപാടിനെതിരെ ആഞ്ഞടിച്ച് മുൻ നായകൻ ജാവേദ് മിയാൻദാദ്. പാകിസ്ഥാനിലേക്ക് വരാൻ താത്പര്യം ഇല്ലെങ്കിൽ ഏത് നരകത്തിലേക്കെങ്കിലും ഇന്ത്യ ടീം ഏത് നരകത്തിലേക്കെങ്കിലും പോകട്ടെയെന്നാണ് മിയാൻദാദ് പറഞ്ഞത്. 

ഏഷ്യാ കപ്പിന് ഇന്ത്യ വരുന്നുണ്ടോ എന്നത് പാകിസ്ഥാനെ ബാധിക്കുന്ന കാര്യമല്ല. ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഐസിസിയുടെ ചുമതലയാണെന്നും മിയാൻദാദ് പറഞ്ഞു.  ഇക്കാര്യത്തിൽ ഐസിസിയുടെ കൈകളിലല്ല നിയന്ത്രണം എങ്കിൽ പിന്നെ എന്തിനാണ് അങ്ങനെ ഒരു സംഘടന എന്നും മിയാൻദാദ് ചോദിച്ചു. 

എല്ലാ ടീമിനും നിയമം ഒരുപോലെ ബാധകമാണ്. എത്ര ശക്തരായ ടീം ആണെങ്കിലും നിയമം അനുസരിക്കണം. സ്വന്തം രാജ്യത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ സംഭവമായിരിക്കാം. എന്നാൽ ഞങ്ങൾക്ക് അങ്ങനെ അല്ല. ഈ ലോകത്തെ മറ്റ് ടീമുകൾക്കും അങ്ങനെ അല്ല. ധൈര്യമായി പാകിസ്ഥാനിലേക്ക് വരു. ഇവിടെ ക്രിക്കറ്റ് കളിക്കൂ. എന്തിനാണ് മടിച്ച് നിൽക്കുന്നത്? പാകിസ്ഥാനിൽ വന്ന് കളിച്ച് തോറ്റാൽ ഇന്ത്യൻ ജനത സഹിക്കില്ല എന്നത് കൊണ്ടായിരിക്കാം എന്നും മിയാൻദാദ് പറഞ്ഞു. 

ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാട് ഐസിസി യോഗത്തിൽ ജയ് ഷായും ആവർത്തിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു രാജ്യത്ത് നടത്തുന്നത് പരിഗണിക്കുന്നതായും സൂചനയുണ്ട്. ഏഷ്യാ കപ്പ് വേദി പാകിസ്ഥാനിൽ നിന്ന് യുഎഇയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്നാണ് സൂചന. മാർച്ചിലായിരിക്കും ഏഷ്യാ കപ്പ് വേദി സംബന്ധിച്ച അന്തിമ തീരുമാനം ആവുക. 

Javed miandad against India