ഏറ്റവും വലിയ സിക്സർ പറത്താൻ ശേഷിയുള്ളവൻ സഞ്ജു; അപകടകാരി ബുംറ; വെളിപ്പെടുത്തി ബട്‍ലർ

രാജസ്ഥാൻ റോയൽസ് ടീമിൽ ഏറ്റവും വലിയ സിക്സർ പറത്താൻ ശേഷിയുള്ള ബാറ്റർ സഞ്ജു സാംസണെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജോസ് ബട്‍ലർ. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബട്‍ലര്‍ നിലപാടു വ്യക്തമാക്കിയത്. നേരിട്ടതിൽ ഏറ്റവും അപകടകാരിയായ ബോളർ ആരാണെന്ന ചോദ്യത്തിന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പേരാണ് ബട്‍ലർ പറഞ്ഞിരിക്കുന്നത്.

ട്വന്റി20 മത്സരങ്ങളിൽ ജസ്പ്രീത് ബുംറ നാലുവട്ടം ജോസ് ബ‍ട്‌ലറെ പുറത്താക്കിയിട്ടുണ്ട്. ഇന്ത്യൻ പേസർക്കെതിരെ 86.76 ആണ് ബട്‌ലറുടെ സ്ട്രൈക്ക് റേറ്റ്. അതേസമയം ഏകദിന ക്രിക്കറ്റിൽ ബുംറയും ബ‍ട്‍ലറും നേർക്കുനേർ അധികം വന്നിട്ടില്ലെന്നതാണു സത്യം. ഏകദിന ക്രിക്കറ്റിൽ ബുംറയുടെ ആറു പന്തുകൾ മാത്രമാണ് ബട്‍ലര്‍ക്ക് ഇതുവരെ നേരിടേണ്ടിവന്നത്.

മുതുകിനു പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ബുംറ, ക്രിക്കറ്റിൽ സജീവമായിട്ടില്ല. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പ് താരത്തിനു നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിലും താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസണും തിരിച്ചുവരവിന് ഒരുങ്ങുകയാണ്.