ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ എതിർ ടീം പരിശീലകന്‍ ലൂയി വാൻഗാലിനും സ്ട്രൈക്കർ വെഗോസ്റ്റിനുമെതിരായ തന്റെ പെരുമാറ്റത്തെക്കുറിച്ചു പ്രതികരിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ലോകകപ്പ് ക്വാർട്ടറിൽ നെതർലന്‍ഡ്സിനെതിരായ മത്സരത്തിൽ ഗോൾ നേടിയതിനു പിന്നാലെയായിരുന്നു മെസ്സിയുടെ വിജയാഘോഷം. ഇരു കൈകളും ചെവിയോട് ചേർത്തുപിടിച്ച് നെതർലൻഡ്സ് പരിശീലകൻ ലൂയി വാൻഗാലിനെ നോക്കി നില്‍ക്കുകയായിരുന്നു മെസ്സി ചെയ്തത്.
‘‘ഞാന്‍ അതിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ആ ഒരു നിമിഷത്തിൽ അങ്ങനെ വന്നുപോയതാണ്. വളരെയേറെ സമ്മർദം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. എല്ലാം പെട്ടെന്നുണ്ടായ കാര്യങ്ങളാണ്. ഒരാളുടെ പെരുമാറ്റത്തിന് അനുസരിച്ചാണ് മറ്റൊരാള്‍ പ്രതികരിക്കുന്നത്. ഒന്നും ആസൂത്രണം ചെയ്യുന്നതല്ല. ചെയ്തുപോയ കാര്യങ്ങള്‍ ഞാൻ ഇഷ്ടപ്പെടുന്നില്ല.’’- ഒരു മാധ്യമ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
‘‘വാൻഗാൽ മത്സരത്തിനു മുൻപ് എന്താണു പറഞ്ഞതെന്ന് എനിക്ക് അറിയാമായിരുന്നു. ടീമിലെ ചിലർ എന്നോട് അക്കാര്യം പറഞ്ഞു. അതൊക്കെ സംഭവിച്ചു പോയതാണ്.’’– മെസ്സി അഭിമുഖത്തിൽ പറഞ്ഞു. നെതർലൻഡ്സ് താരം വെഗോസ്റ്റിനോടു മെസ്സി മത്സര ശേഷം രോഷം പ്രകടിപ്പിച്ചതും വാര്‍ത്തയായിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന നെതർലൻഡ്സിനെ തോൽപിച്ചത്.
Lionel Messi On Netherlands Clash Controversy In FIFA World Cup 2022