ഇന്ത്യ– ന്യൂസീലന്‍ഡ് ട്വന്റി 20 യ്ക്ക് ഇന്ന് തുടക്കം, വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ

ഇന്ത്യ – ന്യൂസീലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്നുതുടക്കം. വിജയക്കുതിപ്പ് തുടരാന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇന്ത്യ. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇരുടീമും ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. രാത്രി ഏഴുമണിക്ക് റാഞ്ചിയിലാണ് മല്‍സരം. 

ഋതുരാജ് ഗെയ്ക്വാദ് പരുക്കേറ്റ് പുറത്തായതോടെ രഞ്ജി ട്രോഫിയിലെ പ്രകടനമികവില്‍ ടീമിലെത്തിയ പൃഥ്വി ഷായ്ക്ക് പ്ലെയിങ് ഇലവനിലേയ്ക്ക് സാധ്യതയേറിയിട്ടുണ്ട്. മിന്നും ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തുടര്‍ന്നേയ്ക്കും. ട്വന്റി 20യിലെ  ഒന്നാം നമ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനൊപ്പം രാഹുല്‍ തൃപാഠി, ഇഷാന്‍ കിഷന്‍,ജിതേഷ് ശര്‍മ എന്നിവരുമുണ്ട് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍. ഉമ്രാന്‍ മാലിക്ക്, ശിവം മാവി, മുകേഷ് കുമാര്‍ എന്നിവരാണ് അര്‍ഷ്ദീപ് സിങ് നയിക്കുന്ന ബോളിങ് നിരയിലുള്ളത്. സിറാജിന് വിശ്രമം അനുവദിച്ചു. 

സാന്റ്നര്‍ നായകനായ കിവീസ് നിരയില്‍ മൈക്കില്‍ ബ്രേസ്്വെല്ലാണ് ഫോമിലുള്ള താരം. ടിം സൗത്തിയുടെയും ട്രെന്‍ഡ് ബോള്‍ട്ടിന്റെയും അഭാവത്തില്‍ ഏകദിനത്തിലെ അതേ പേസ് നിര തന്നെയാണ് ട്വന്റി 20യിലും. 

India-New Zealand Twenty20 starts today