സമ്മാനമായി 50 കോടിയുടെ വീട്; ആഡംബര കാറുകള്‍; രാഹുല്‍–ആതിയ വിവാഹ വിശേഷം

കെ.എൽ. രാഹുൽ–ആതിയ ഷെട്ടി വിവാഹത്തിന്റെ ത്രില്ലിലായിരുന്നു ആരാധകർ. സുനിൽ ഷെട്ടിയുടെ ഫാം ഹൗസിൽ നടന്ന വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ താര ദമ്പതികൾക്ക് ലഭിച്ച വിവാഹ സമ്മാനങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്.

മുംബൈയിലെ 50 കോടി രൂപയുടെ അപ്പാർട്ട്മെന്റ് ആണ് മകൾ ആതിയക്ക് സമ്മാനമായി സുനിൽ ഷെട്ടി നൽകിയത്. സുനിൽ ഷെട്ടിയുടെ അടുത്ത സുഹൃത്തായ സൽമാൻ ഖാൻ ആതിയക്ക് നൽകിയത് 1.64 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറും. ജാക്കി ഷറോഫ് സ്വിസ് വമ്പന്മാരായ ചോപാർഡിന്റെ 30 ലക്ഷം രൂപയുടെ വാച്ച് ആണ് ആതിയക്ക് നൽകിയത്.

ആതിയയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ അർജുൻ കപൂർ ഡയമണ്ട് ബ്രേസ് ലെറ്റ് ആണ് സമ്മാനിച്ചത്. വില 1.5 കോടി രൂപ. വിവാഹ സമ്മാനങ്ങൾ നൽകുന്നതിൽ കെ എൽ രാഹുലിന്റെ സുഹൃത്തുക്കളും പിന്നോട്ട് പോയില്ല. 2.17 കോടി രൂപയുടെ ഓഡി കാർ ആണ് രാഹുലിന് ഇന്ത്യൻ ടീം മുൻ നായകൻ വിരാട് കോലി നൽകിയത്. ധോനി സമ്മാനിച്ചത് 80 ലക്ഷം രൂപയുടെ കവാസ്കി ബൈക്കും.

സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി മുംബൈയിൽ ആതിയയും രാഹുലും വിവാഹസല്‍കാരം ഒരുക്കുന്നുണ്ട്. ഐപിഎല്ലിന് ശേഷമാവും വിവാഹ സല്‍കാരം എന്ന് സുനിൽ ഷെട്ടി അറിയിച്ചു. 2019ലാണ് രാഹുലും ആതിയയും പരിചയപ്പെടുന്നത്. ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ലെങ്കിലും ഇൻസ്റ്റഗ്രാം ഫോട്ടോസുകളിലൂടെ ഉൾപ്പെടെ ഇരുവർക്കും ഇടയിലെ അടുപ്പം വ്യക്തമായിരുന്നു.

K.L. Rahul and athiya shetty get expensive wedding gifts