ആസ്വദിച്ച് കളിക്കാൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു; സൗദി കേട്ടു, വിജയം കൂടെപ്പോന്നു

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെ വാക്കുകൾ അക്ഷരംപ്രതി പാലിച്ച് ആദ്യ ജയം നേടി സൌദി അറേബ്യ. ടൂർണമെന്‍റിന് പുറപ്പെടും മുന്‍പ് ടീമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ സമ്മർദമില്ലാതെ ആസ്വദിച്ചു കളിക്കാനായിരുന്നു കിരീടാവകാശിയുടെ നിർദേശം. ടീമിന്‍റെ ജയം ആഘോഷിക്കാൻ ഇന്ന് സൌദിയിൽ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.  

സൌദി കിരീടാവകാശിയുടെ ആത്മവിശ്വാസം പകരുന്ന വാക്കുകൾക്കുള്ള സമ്മാനമാണ് സൌദി ടീമിന്‍റെ വിജയം. മാച്ച് ഫിക്സ്ച്ചേഴ്സ് പുറത്തുവന്നപ്പോൾ തന്നെ ടീമിൽ സമ്മർദമായിരുന്നു. ഗ്രൂപ്പ് സിയിൽ അർജന്‍റീന ഉൾപ്പെടെ ലോക ഫുട്ബോളിലെ കരുത്തർക്കൊപ്പമാണ് ഇടം കിട്ടിയത്. എന്നാൽ ടൂർണമെന്‍റിന് പുറപ്പെടുംമുന്‍പ് ടീമിനെ കണ്ട് ആശംസകളറിയിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കളിക്കാരോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, സമ്മർദമില്ലാതെ കളിക്കുക. ജയിക്കാൻ ശ്രമിക്കുന്നതിനൊപ്പം ആസ്വദിച്ചുകളിക്കണമെന്നായിരുന്നു നിർദേശം. ഭരണാകൂടം ടീമിനൊപ്പം നിൽക്കുമ്പോഴുള്ള കരുത്താണ് കളിക്കളത്തിൽ കണ്ടത്. ലോക ഫുട്ബോളിൽ സൌദി ചരിത്രം കുറിച്ചു

കളി കാണാനെത്തിയ മുഹമ്മദ് ബിൻ സൽമാൻ നിറഞ്ഞചിരിയോടും മനസോടുമാണ് സ്റ്റേഡിയം വിട്ടത്. സൌദിയുടെ മാറുന്ന മുഖത്തിന്‍റെ ഭാഗമായി കായികമേഖലയ്ക്ക് വലിയ പിന്തുണയാണ് മുഹമ്മദ് ബിൻ സൽമാന്‍റെ നേതൃത്വത്തിൽ രാജ്യം നൽകുന്നത്. കളി നടക്കുന്നതിനിടെ സൌദിയുടെ പതാകയേന്തി  ഖത്തർ ഭരണാധികാരി  ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പിന്തുണ അറിയിച്ചതും വേറിട്ട കാഴ്ചയായി. ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം പിന്‍വലിച്ച ശേഷം ഇരുരാജ്യങ്ങളും തുടരുന്ന നല്ല ബന്ധത്തിന്‍റെ നേർചിത്രമായി ഇത്. ഖത്തർ ലോകകപ്പ് തുടങ്ങിയശേഷം വിജയിക്കുന്ന ആദ്യ അറബ് ടീമാണ് സൌദി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും സൌദി ടീമിന് അഭിനന്ദനം അറിയിച്ചു.   അർഹിക്കുന്ന വിജയം. അറബ് ദേശത്തിന്‍റെ സന്തോഷമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും സൌദി ടീമിനെ അഭിനന്ദിച്ചു.