അന്ന് മോശം പ്രകടനത്തിന് പുറത്താക്കി; ഇന്ന് സൗദിയെ വിജയത്തിലെത്തിച്ച ഹെർവെ രെനാൾഡ്

ലോകറാങ്കിങ്ങില്‍ മൂന്നാമതുള്ള അര്‍ജന്റീനയെ വീഴ്ത്താന്‍ 51ാം സ്ഥാനക്കാരായ സൗദിയെ ഒരുക്കിയെടുത്തത് ഫ്രഞ്ച് പരിശീലകന്‍ ഹെര്‍വെ രെനാര്‍ഡ്. ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷന്‍ ക്ലബായ കെംബ്രിഡ്ജ് യുണൈറ്റഡ് മോശം പ്രകടനത്തിന്റെ പേരില്‍ പുറത്താക്കിയ പരിശീലകനാണ് ഇന്ന് ലോകകപ്പ് ചരിത്രത്തിലെ അവിശ്വസനീയ ജയത്തിലേയ്ക്ക് സൗദിയുടെ തന്ത്രങ്ങളൊരുക്കിയത്.

കെട്ടുറപ്പുള്ള പ്രതിരോധവും മൂര്‍ച്ചയേറിയ മുന്നേറ്റനിരയും പിന്നെയൊരു വെള്ളഷര്‍ട്ടും ഇതാണ് ഹെര്‍വെ റെനാര്‍ഡ് . അര്‍ജന്റീനയ്ക്കെതിരെ ഇറങ്ങും മുമ്പ്   ലോകകപ്പ് ചരിത്രത്തില്‍ മൂന്നേ മൂന്നുതവണ മാത്രമാണ് സൗദിക്ക് ജയിക്കാനായത്. 2018 റഷ്യ ലോകകപ്പില്‍ ആതിഥേയര്‍ക്കെതിരെ  5–0ന് തോറ്റതിന് പിന്നാലെയാണ് രെനാര്‍ഡ് സൗദി പരിശീലകനാകുന്നത്.  ഭക്ഷണക്രമത്തിലടക്കം മാറ്റംവരുത്തി സൗദി താരങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ക്ലബ് ഫുട്ബോളില്‍ പരാജയത്തിന്റെ കഥയാണ് രെനാര്‍‍ഡിന് പറയാനുള്ളതെങ്കിലും രാജ്യാന്തര ഫുട്ബോളിലേയ്ക്ക് ചുവചുടമാറ്റിയതോടെ രെനാര്‍ഡ് കരിയര്‍ ഗ്രാഫ് ഉയര്‍ന്നു.  

2012ല്‍ സാംബിയെയും മൂന്നുവര്‍ഷത്തിന് ശേഷം ഐവറി കോസ്റ്റിനെയും ആഫ്രിക്കന്‍ ചാംപ്യന്‍മാരാക്കി. രണ്ടു രാജ്യങ്ങളെ ആഫ്രിക്കന്‍ കിരീടത്തിലേയ്ക്ക് നയിച്ച  ആദ്യ പരിശീലകനായി രെനാര്‍ഡ്. പിന്നാലെ ലോകറെക്കോര്‍ഡ് തുകയ്ക്ക് മൊറോക്കോ റെനാര്‍ഡിനെ റാഞ്ചി. 1998ന് ശേഷം മൊറോക്കോയെ ആദ്യ ലോകകപ്പിനെത്തിച്ച് റെനാര്‍ഡിന്റെ മറുപടി. 2010 മുതല്‍ വെള്ളഷര്‍ട്ടണിഞ്ഞെ റെനാര്‍ഡ് മൈതാനത്തിറങ്ങാറൊള്ളു.  ആഫ്രിക്ക കപ്പില്‍ സാംബിയ പരിശീലകനായിരിക്കെ  നീലഷര്‍ട്ടിട്ടിറങ്ങിയപ്പോള്‍ തോല്‍വി. വെള്ളഷര്‍ട്ടിട്ടപ്പോള്‍ ജയം. അന്നുമുതല്‍ തുടങ്ങിയ പതിവ് ഒന്നരപതിറ്റാണ്ടിലേറെയായിട്ടും തെറ്റിച്ചിട്ടില്ല.