‘വരുന്നെടാ ബ്രസീൽ’; നാളെ അങ്കത്തട്ടിൽ; ജപ്പാൻ, സൗദി വഴി പിടിക്കുമോ സെര്‍ബിയ?

സൗദി അറേബ്യയോട് അർജന്റീന 2–1 ന് പരാജയപ്പെട്ടതോടെ ലുസൈൽ സ്റ്റേഡിയത്തിൽ നാളെ രാത്രി 12.30 ന്  നടക്കുന്ന ബ്രസീൽ സെർബിയ മത്സരം പതിവിലും ഏറെ ശ്രദ്ധ നേടുമെന്നുറപ്പായി. മുഖ്യ എതിരാളിയായ അർജന്റീന താരതമ്യേന ദുർബലരായ സൗദി അറേബ്യയോട് അട്ടമറിക്കപ്പെട്ട് തലതാഴ്ത്തി മടങ്ങേണ്ടി വന്നതോടെ സെർബിയയ്ക്ക് മുന്നിൽ ഗംഭീരമായൊരു വിജയത്തിൽ കുറഞ്ഞതൊന്നും ടിറ്റെയും പിള്ളേരും പ്രതീക്ഷിക്കുന്നില്ല. വലിയ വിജയ ചരിത്രമൊന്നും പറയാനില്ലാത്ത സെർബിയയെ വിലകുറച്ച് കാണാതെയായിരിക്കും ബ്രസീൽ കളത്തിലിറങ്ങുക. അവസാനം കളിച്ച  അഞ്ച് മത്സരങ്ങളിൽ അഞ്ചും വിജയിച്ചാണ് ബ്രസീൽ ഖത്തറിലെത്തിയത്. അഞ്ചിൽ നാല് വിജയവും ഒരു സമനിലയുമാണ് സെർ‍ബിയയുടെ പിൻബലം. ഏറ്റവും ഒടുവിലെ മത്സരത്തില്‍ തുനീസിയയെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയതാണ് ബ്രസീലിന്റെ മികവ്. സെർബിയയാവട്ടെ ബഹ്റൈനെ 5-1ന് കെട്ടിക്കെട്ടിച്ചതും. 

ഇരുവരും ഏറ്റുമുട്ടിയത്

സെർബിയയുമായി ഇതുവരെ ബ്രസീൽ ഏറ്റുമുട്ടിയത് രണ്ട് തവണയാണ്. രണ്ട് തവണയും വിജയം ബ്രസീലിനൊപ്പം. ഖത്തർ ലോകകപ്പിൽ ആദ്യ അങ്കത്തിനിറങ്ങുന്ന ഇരു‍ടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കാനാണ് സാധ്യത. സൗദി അറേബ്യ, ജപ്പാൻ ടീമുകളെ പോലെ അട്ടിമറിക്കുള്ള സാധ്യതയും തള്ളാനാവില്ല.

ശ്രദ്ധാ താരങ്ങൾ

അലിസൺ, നെയ്മാർ, വിനീഷ്യസ് ജൂനിയർ, കസമിറോ, ജീസസ് അടക്കം വൻ സ്ക്വാഡാണ് കാനറികളുടെ നട്ടെല്ല്. ക്ലബ് മത്സരങ്ങളിൽ താരങ്ങൾ ഉണ്ടാക്കിയ ഓളം ലോകകപ്പിൽ ബ്രസീലിന്റെ സാധ്യതകളെ സജീവമാക്കുന്നുണ്ട്. ഫുൾഹാം സൂപ്പർതാരം അലക്സാണ്ടർ മിട്രോവിച്, ദുസാൻ ടാദിക്, യുവാന്റസ് താരം ദുസാൻ വ്ലകോവിച് അടക്കമുള്ള താരനിരയിലാണ് സെർബിയൻ പ്രതീക്ഷ.ഒട്ടും പ്രതീക്ഷിക്കാത്ത രണ്ട് അട്ടിമറി വിജയമാണ് ഖത്തറിൽ ആദ്യ രണ്ട് ദിവസങ്ങളിൽ പിറന്നത്. സെർബിയയുമായുള്ള പോരാട്ടത്തിലും അട്ടിമറിക്ക് കാത്തിരിക്കുന്നവരുണ്ട്. അർജന്റീനക്ക് ഏറ്റ തോൽവിയുടെ ആഘാതവും നാണക്കേടും ബ്രസീൽ തോൽവിയിൽ നികത്താനാണ് വിമർശകർ കാത്തിരിക്കുന്നത്