നവരാത്രി ആശംകൾ നേർന്ന് ശ്രീ പത്മനാഭസ്വാമിയെ ദർശിച്ച് ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ്

keshav-maharaj-padmanabhaswamy
SHARE

പാരമ്പര്യം കൊണ്ടും മനസ്സു കൊണ്ടും തനി ഇന്ത്യക്കാരനായ ഒരു കളിക്കാരനുണ്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ; ഇടംകയ്യൻ സ്പിന്നറായ കേശവ് മഹാരാജ്. ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കായി തിരുവനന്തപുരത്ത് എത്തിയ കേശവ് കോവളത്തെ റാവിസ് ഹോട്ടൽ അധികൃതരോട് തിരക്കിയത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ചായിരുന്നു. 

ദർശനത്തിനു പോകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെ ഹോട്ടൽ സ്റ്റാഫ്  ഹരിദാസിനൊപ്പം കേശവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തി. അദ്ദേത്തോടൊപ്പം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറുമുണ്ടായിരുന്നു. ഹോട്ടലിൽ നിന്നു നൽകിയ മുണ്ടും നേര്യതും അണിഞ്ഞ് ക്ഷേത്രാചാരങ്ങൾ അനുസരിച്ചായിരുന്നു ദർശനം. അര മണിക്കൂറോളമെടുത്ത് എല്ലാ നടകളിലുമെത്തി ദർശനം നടത്തി. പിന്നീട് ഇരുവരും ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ഇരുവരും നവരാത്രി ആശംകളും നേര്‍ന്നിട്ടുണ്ട്.

നവരാത്രി മണ്ഡപമടക്കം സന്ദർശിച്ചു വണങ്ങി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണ് ആത്മാനന്ദ് മഹാരാജിന്റെയും കാഞ്ചനമാലയുടെയും മകനായ കേശവ്. അച്ഛൻ നാറ്റാൾ പ്രൊവിൻസ് ടീമിലെ വിക്കറ്റ് കീപ്പറായിരുന്നു.

കേശവ് 2016 മുതൽ ദേശീയ ടീമിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി 45 ടെസ്റ്റുകളും 24 ഏകദിനവും 18 ട്വന്റി20യും കളിച്ചു.  ടീമിന്റെ വൈസ് ക്യാപ്റ്റനുമായിട്ടുണ്ട്. ഇന്ത്യൻ വംശജ തന്നെയായ ലെറിഷ മുനിസ്വാമിയാണ് ഭാര്യ. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു വിവാഹം.

English Summary: South African spinner Keshav Maharaj visits Sri Padmanabhaswamy Temple

MORE IN SPORTS
SHOW MORE